കല്‍പ്പനയുടെ കുസൃതി നന്നായി ആസ്വദിച്ചിരുന്നു.. സിനിമ ഇറങ്ങുമ്പോഴേക്കും അവള്‍ പോയി!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കല്‍പന. ശുദ്ധഹാസ്യത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ഈ അഭിനേത്രിയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെ സങ്കടപ്പെടുത്തിയിരുന്നു. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. 2016 ജനുവരി 25നായിരുന്നു കല്‍പ്പന വിട പറഞ്ഞത്. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പോയതിനിടയിലാണ് താരം മരണപ്പെട്ടത്.
കല്‍പന പ്രധാന കഥാപാത്രമായെത്തിയ തമിഴ് ചിത്രം ഇറ്റ്‌ലി തിയറ്ററുകളിലേക്കെത്തുകയാണ്. കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കല്‍പനയുടെ കുസൃതി തങ്ങള്‍ ആസ്വദിച്ചിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആര്‍ കെ വിദ്യാധരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

മോഷ്ടാവായാണ് കല്‍പ്പന ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ തുടങ്ങി മൂന്ന് മോഷ്ടാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കല്‍പനയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ മറക്കാന്‍ പറ്റുന്നതായിരുന്നില്ലെന്ന് ശരണ്യ പൊന്‍വര്‍ണന്‍ പറയുന്നു. ഈ സിനിമ ഇറങ്ങുമ്പോഴേക്കും കല്‍പ്പന ഇല്ലെന്നത് തങ്ങളെ ഏറെ സങ്കടപ്പെടുത്തുന്നുവെന്നും താരം വ്യക്തമാക്കി. മലയാളത്തില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലായിരുന്നു കല്‍പ്പന അവസാനമായി വേഷമിട്ടത്.


Click it and Unblock the Notifications











