വിജയ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു! സര്‍ക്കാര്‍ ആദ്യദിനം മിന്നിച്ചു, കളക്ഷന്‍ റിപ്പോര്‍ട്ട്
Recommended Video

വിജയ് ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ ദീപാവലിയ്ക്ക് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തില്‍ വലിയ ആരാധക പിന്തുണ ഉള്ളതിനാല്‍ ബിഗ് റിലീസായിട്ടായിരുന്നു ചിത്രമെത്തിയത്. ഇതുവരെ മലയാളക്കര കാണാത്ത അത്രയും റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

ഷോ യുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമാണെന്ന് അഭിപ്രായം സര്‍ക്കാര്‍ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം കഴിയുമ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും കളക്ഷന്‍ വാരിക്കൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ റിലീസ്
ബിഗ് റിലീസ് എന്ന് പറഞ്ഞെത്തിയ കായംകുളം കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ നാനൂറിന് മുകളില്‍ സ്‌ക്രീനുകള്‍ ലഭിച്ചത് സര്‍ക്കാരിനായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം സക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ സര്‍ക്കാര്‍ ആയി മാറി. മൂന്നുറിലധികം ഫാന്‍സ് ഷോ കളും സംഘടിപ്പിച്ചിരുന്നു. അതില്‍ 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോ കളുമായിരുന്നു. പല സെന്ററുകളിലും പുലര്‍ച്ചെ നാലര മണിയോടെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. 561 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

ആദ്യദിന കളക്ഷന്‍
കേരള ബോക്‌സോഫീസിലെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം ഏരിയാപ്ലെക്‌സിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിവസം 46 ഷോ ആയിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 16 ലക്ഷത്തോളമായിരുന്നു സിനിമ നേടിയത്. അതേ സമയം തിരുവനന്തപുരം ഏരിയാപ്ലെക്‌സില്‍ 91 പ്രദര്‍ശനങ്ങളില്‍ നിന്നും 33 ലക്ഷത്തോളം സ്വന്തമാക്കി സര്‍ക്കാര്‍ പുതിയൊരു റെക്കോര്‍ഡാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. റിലീസ് ദിവസം പതിനെട്ട് ലക്ഷമായിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരുന്നത്. ഇതോടെ കൊച്ചുണ്ണിയെ രണ്ടാം സ്ഥാനത്താക്കി സര്‍ക്കാര്‍ മുന്നിലെത്തിയിരിക്കുകയാണ്.

ചെന്നൈയിലും റെക്കോര്‍ഡ് തന്നെ
ചെന്നൈ സെന്ററില്‍ നിന്നും ആദ്യദിനം 2.37 കോടിയായിരുന്നു സര്‍ക്കാരിന് ലഭിച്ചിരുന്നത്. റിലീസ് ദിവസം ഇവിടെ നിന്നും രണ്ട് കോടിയ്ക്ക് മുകളില്‍ നേടുന്ന ആദ്യചിത്രമായി സര്‍ക്കാര്‍ മാറി. 1.76 കോടി സ്വന്തമാക്കിയ രജനികാന്തിന്റെ കാലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായ മെര്‍സലാണുള്ളത്. ആദ്യ ദിവസം 1.52 കോടിയായിരുന്നു മെര്‍സലിന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications