ഇത്തരം ക്രൂരത പാടില്ല സത്യന്‍ അന്തിക്കാട്
ഒരു ചിത്രത്തിന്റെ വിജയത്തിന് വേണ്ടി, അല്ലെങ്കില്‍ വിജയത്തിലുള്ള ആഹ്ലാദത്തിന് വേണ്ടി മറ്റൊരു മികച്ച ചിത്രത്തെയും ചിത്രത്തിന്റെ സംവിധായകനെയും കുറിച്ച് ഇല്ലാക്കഥകള്‍ പറയുന്നത് ക്രൂരതയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍ നായകനായ ദൃശ്യമെന്ന ചിത്രത്തെക്കുറിച്ച് താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അന്തിക്കാട് പറഞ്ഞു. മനോരമ ഓണ്‍ലൈനിലൂടെയാണ് സത്യന്‍ അന്തിക്കാട് നിലപാട് വ്യക്തമാക്കിയത്.
മറ്റൊരു സിനിമ ഹൗസ് ഫുളായി ഓടുന്നത് കാരണമാണ് സ്വന്തം ചിത്രം കാണാന്‍ ആളുകള്‍ കയറുന്നതെന്ന് ഏതെങ്കിലുമൊരു സംവിധായകന്‍ പറയുമോയെന്നാണ് അന്തിക്കാടിന്റെ ചോദ്യം. ഇത്തരത്തിലൊരു വാര്‍ത്ത കുറച്ചുനാളുകളായി ഓണ്‍ലൈനില്‍ പ്രചിരിക്കുന്നുണ്ട്. ഏതാണ് വാര്‍ത്തയുടെ ഉറവിടമെന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ദൃശ്യത്തെയും ഒരു ഇന്ത്യന്‍ പ്രണയകഥയെയും കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പരക്കുന്ന വാര്‍ത്ത താന്‍ മോഹന്‍ലാലിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളൊന്നും തന്നെയും ലാലിനെയും പോലെയുള്ളവര്‍ കാര്യമായി എടുക്കുകയില്ലെന്നും അത് അര്‍ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയനാണ് തങ്ങള്‍ക്കിഷ്ടമെന്നും അന്തിക്കാട് പറഞ്ഞു. പബ്ലിസിറ്റിയ്ക്കുവേണ്ടി ഇത്തരം കാര്യങ്ങള്‍ പറയുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം വന്‍ഹിറ്റായി മാറുകയും മിക്ക തിയേറ്ററുകളിലും ഹൗസ് ഫുളായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകര്‍ പ്രണയകഥയ്ക്ക് കയറുകയാണെന്നും അങ്ങനെ തന്റെ ചിത്രം ഹിറ്റായി മാറിയെന്നും അന്തിക്കാട് പറഞ്ഞുവെന്ന രീതിയിലാണ് വാര്‍ത്തകള്‍ പരന്നത്. ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് അന്തിക്കാട് രംഗത്തെത്തുന്നതിന് മുമ്പേ സഹസംവിധായകനും അന്തിക്കാടിന്റെ മകനുമായ അഖില്‍ അന്തിക്കാട് ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ജയറാമും മംമ്ത മോഹന്‍ദാസും പ്രധാനവേഷം ചെയ്ത കഥ തുടരുന്നുവെന്ന ചിത്രത്തിലൂടെയാണ് അഖില്‍ പിതാവിന്റെ സഹസംവിധായകനായി ചലച്ചിത്രരംഗത്തേയ്ക്ക് വന്നത്. കഥ തുടരുന്നു വലിയ ഹിറ്റായി മാറുകയും ചെയ്തു.


Click it and Unblock the Notifications











