»   » സത്യന്‍ അന്തിക്കാടും പുതുപാതയില്‍

സത്യന്‍ അന്തിക്കാടും പുതുപാതയില്‍

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള അപൂര്‍വം സംവിധായകരില്‍ മുന്‍പിലാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴും പ്രേക്ഷകര്‍ക്ക് ധൈര്യസമേതം കുടുംബമൊത്ത് തിയറ്ററില്‍ വന്നിരിക്കാന്‍ പറ്റുക സത്യന്‍ അന്തിക്കാടിനെപോലയുള്ള സംവിധായരുടെ ചിത്രത്തിനാണ്. എന്നാല്‍ അടുത്തിടെ അന്തിക്കാട് ചിത്രങ്ങളിലെ കഥാപാത്രങ്ങളൊക്കെ ആവര്‍ത്തിച്ചു സ്‌ക്രീനിലെത്താന്‍ തുടങ്ങി. പറഞ്ഞ പ്രമേയം തന്നെ വീണ്ടും വരാന്‍ തുടങ്ങിയതോടെ അന്തിക്കാട് ചിത്രങ്ങളുടെ പ്രഭ അല്‍പം മങ്ങിയ പോലെയായി. പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ എന്നതായിരുന്നു സ്ഥിതി.

പക്ഷേ ഇത് സംവിധായകന്റെ കുഴപ്പമായിരുന്നില്ല. മലയാളത്തിലെ സംവിധായകര്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ഏറ്റവും വലിയ പ്രതിസന്ധി തിരക്കഥയാണ്. പല പ്രമുഖര്‍ക്കും തിരക്കഥയെഴുതി കൊടുക്കാന്‍ ആളില്ല. അല്ലെങ്കില്‍ നല്ല തിരക്കഥാകൃത്തുക്കളൊക്കെ സംവിധായരുടെ മേലങ്കിയണിയുന്നു. സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ് എന്നിവരൊക്കെ അങ്ങനെ സ്വന്തമായി തിരക്കഥയെഴുതേണ്ടി വന്ന സംവിധായകരായിരുന്നു.

മോഹന്‍ലാലുമൊത്ത് വലിയൊരു ഇടവേളയ്ക്കു ശേഷം സത്യന്‍ ഒരുക്കിയ രസതന്ത്രത്തിലൂടെയാണ് സത്യന്‍ തിരക്കഥാകൃത്തിന്റെ കുപ്പായമിടുന്നത്. ലാലും മീരാജാസ്മിനും ചേര്‍ന്നുള്ള ചിത്രം മലയാളികള്‍ ആസ്വദിക്കുകയും ചെയ്തു. പിന്നീടു വന്ന ദിലീപിന്റെ വിനോദയാത്രയും വന്‍ഹിറ്റായ ചിത്രമായിരുന്നു. എന്നാല്‍ ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, കഥ തുടരുന്നു, സ്‌നേഹവീട് എന്നിവയൊക്കെ ആവറേജ് വിജയം മാത്രം നേടിയ ചിത്രമായിരുന്നു. സ്‌നേഹവീടിലൂടെ ഇതു തിരിച്ചറിഞ്ഞ സത്യന്‍ പുതിയ ചിത്രത്തിനു തിരക്കഥയൊരുക്കാന്‍ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു മാത്രം തിരക്കഥയെഴുതിയ ബെന്നി പി. നായരമ്പലത്തെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടുപേരും കോമഡി അനായാസം ചെയ്യുന്നവരായതിനാല്‍ പുതിയ കൂട്ടുകെട്ട് വിജയമാകുമെന്നതില്‍ സംശയമൊന്നും വേണ്ട.

ശ്രീനിവാസന്‍, ലോഹിതദാസ് എന്നിവരായിരുന്നു സത്യന്‍ അന്തിക്കാടിന്റെ തുറുപ്പുചീട്ടുകള്‍. ശ്രീനിവാസനുമൊത്താണ് കൂടുതല്‍ ഹിറ്റൊരുക്കിയിട്ടുള്ളത്. ഗാന്ധിഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്കു സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ ആ കുട്ടുകെട്ടില്‍ പിറന്നതില്‍ തൊണ്ണൂറുശതമാനവും ഹിറ്റായിരുന്നു. ഇടക്കാലത്ത് ശ്രീനിവാസന്‍ സ്വന്തമായി സംവിധാനം ചെയ്യാന്‍ പോയപ്പോള്‍ രഘുനാഥ് പലേരി, സി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സത്യനൊപ്പം ചേര്‍ന്നു.

ലോഹിതദാസ് കൂടെ കൂടിയപ്പോഴാണ് സത്യനിലെ ഹിറ്റ് സംവിധായകന്‍ വീണ്ടും തെളിഞ്ഞത്. തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിവ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളായിരുന്നു. ജയറാമിനു ബ്രേക്കു നല്‍കിയ ചിത്രങ്ങളായിരുന്നു രണ്ടും. എന്നാല്‍ ഇടയ്ക്കു വച്ച് ലോഹിയും വഴിപിരിഞ്ഞു. പിന്നീട് രഞ്ജന്‍ പ്രമോദായിരുന്നു സത്യന്റെ രക്ഷയ്‌ക്കെത്തിയത്.

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ രണ്ടുചിത്രവും വന്‍വിജയം നേടി. അതോടെ രഞ്ജന്‍ സംവിധായകനായിപോയി. മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രഫര്‍ സംവിധാനം ചെയ്യാന്‍ പോയതോടെ സത്യന്‍ വീണ്ടും പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി അതിജീവിക്കാന്‍ വേണ്ടിയാണ് ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസിലിരുന്ന് സ്വന്തമായി തിരക്കഥയെഴുതാന്‍ തുടങ്ങിയത്. ബെന്നിയുമായി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി കുടുംബങ്ങളെല്ലാം. മിനിമം ഗാരന്റിയോടെ കുടുംബസമേതം തിയറ്ററില്‍ എത്താന്‍.

English summary
Sathyan Anthikkad, known for village oriented family stories, now turns to new generation trend cinema. As per him rural themes would always have takers in Malayalam if they are narrated with freshness and novelty. He trying the novelty thing, which may match to the new trend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam