സത്യരാജ് ആദ്യം നായകന്‍, ഇപ്പോള്‍ വില്ലന്‍
ദീര്‍ഘകാലമായി സുഹൃത്തുക്കളായ സത്യരാജും മോഹന്‍ലാലും കാമറയ്ക്കു മുന്നില്‍ ഒന്നിക്കുന്നത് ആദ്യമായി. ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയാണ് സത്യരാജിന്റെയും ലാലിന്റെയും സംഗമം.
സത്യരാജ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. കമല്‍ സംവിധാനം ചെയ്ത ആഗതന്‍ ആയിരുന്നു ആദ്യ ചിത്രം. ദിലീപ് നായകനായ ഈ ചിത്രം പക്ഷേ വേണ്ടത്ര വിജയം നേടിയില്ല. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളിലേക്കു ക്ഷണം കിട്ടിയെങ്കിലും അദ്ദേഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. തമിഴിലെ തിരക്കു തന്നെയായിരുന്നു കാരണം. തമിഴില്‍ വില്ലനായും ഹീറോയായും വിലസിയിരുന്ന സത്യരാജ് അടുത്തിടെ അച്ഛന്‍ വേഷങ്ങളിലാണ് ശ്രദ്ധിച്ചിരുന്നത്.

ജോഷിയുടെ ആദ്യ തമിഴ് ചിത്രമായ എയര്‍പോര്‍ട്ടില്‍ നായകന്‍ സത്യരാജ് ആയിരുന്നു. തമിഴില്‍ വന്‍ ഹിറ്റായ ചിത്രത്തിനു ശേഷം ജോഷി പിന്നീട് തമിഴ് ചെയ്തില്ല. ജോഷിയുമായി സത്യരാജ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ സത്യരാജ് വില്ലന്‍ വേഷത്തിലാണ് വരുന്നത്. ജോഷിയും ലാലുമായുള്ള ബന്ധത്തിന്റെ പേരിലാണ് സത്യരാജ് ഈ ചിത്രത്തില്‍ വില്ലന്‍ വേഷംചെയ്യുന്നത്.
ഷഹീദ് ഖാദര്‍ എന്ന വ്യവസായിയുടെ വേഷത്തിലാണ് സത്യരാജ് അഭിനയിക്കുന്നത്. ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബിസിനസ് പാര്‍ട്ണര്‍.
ചിത്രത്തില്‍ കൂടുതല്‍ കഥാപാത്രങ്ങളിലില്ല. ലാല്‍, സത്യരാജ്, അമല പോള്‍, ജോയ്മാത്യു, രാഹുല്‍ദേവ്, വിജയ് മേനോന്‍, കൈനാറ്റ് അറോറ എന്നിവരാണു മറ്റു താരങ്ങള്‍. രണ്‍ ബേബി റണ്ണിനു ശേഷം ലാലും അമലയും അഭിനയിക്കുന്ന ചിത്രമാണിത്.
പെരുച്ചാഴിക്കു ശേഷം ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് ലാലും ജോയ്മാത്യുവും ഒന്നിച്ചഭിനയിക്കുന്നത്. സുരേഷ്‌നായര്‍ എന്ന ബോളിവുഡ് തിരക്കഥാകൃത്ത് ആദ്യമായി മലയാളത്തില്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. അങ്ങനെ ഒട്ടേറെ പുതുമകളോടെയാണ് ജോഷി ലൈല ഓ ലൈല അണിയിച്ചൊരുക്കുന്നത്. ലാലിന്റെ ക്രിസ്മസ് ചിത്രം ഇതായിരിക്കും.


Click it and Unblock the Notifications











