സൂപ്പര്‍സ്റ്റാര്‍ സത്യന്‍
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ അന്തിക്കാടാണ്. സിനിമകള്‍ വിജയിക്കുമെന്നുറപ്പ് പറയാവുന്നത് സത്യന്റെ സിനിമകളുടെ കാര്യത്തില്‍ മാത്രം- തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസാണ് ഇങ്ങനെ പറഞ്ഞത്.
സത്യനെ കുറിച്ചുള്ള ഈ സത്യം പ്രിയദര്‍ശനും ആവര്‍ത്തിക്കുന്നു- മലയാളത്തിലെ സക്സസ് ഫുള്‍ ഡയറക്ടര്‍ ഇന്ന് സത്യന്‍ മാത്രമാണ്. എന്റെ അഭിപ്രായത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ സത്യനെ ഒരു ഐഡിയലായി എടുത്തുകൊണ്ടു വേണം സിനിമയെടുക്കാന്‍. കാരണം മലയാള സിനിമയ്ക്ക് ഇണങ്ങുന്ന കഥയും കഥാപാത്രങ്ങളും ബജറ്റുമെല്ലാം സത്യന്റെ കൈയില്‍ ഭദ്രമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്- യാത്രക്കാരുടെ ശ്രദ്ധക്ക്, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര. സത്യന്റെ സിനിമയില്‍ സത്യനാണ് സൂപ്പര്‍സ്റ്റാര്‍. സൂപ്പര്‍സ്റ്റാര്‍ നായകനല്ലാതിരുന്നിട്ടും അച്ചുവിന്റെ അമ്മ പോലുള്ള സിനിമ വിജയിപ്പിക്കാന്‍ സത്യനു കഴിയുന്നു.
സത്യന്‍ അന്തിക്കാടിന്റെ ഒടുവിലത്തെ രണ്ടു സിനിമകള്‍ക്കു തിരക്കഥയെഴുതിയത് അദ്ദേഹം തന്നെ. തിരക്കഥാരചന മറ്റെഴുത്തുകാരെ ഏല്പിക്കുന്നത് നിര്‍ത്തി സത്യന്‍ തന്നെ തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞപ്പോള്‍ മലയാളത്തിലുണ്ടായത് രണ്ട് സൂപ്പര്‍ഹിറ്റുകള്‍. രസതന്ത്രവും വിനോദയാത്രയും സത്യന്റെ കരിയറിലെ ഏറ്റവു വലിയ വിജയങ്ങളുമാണ്.
സിബി മലയിലിനെ പോലുള്ള സംവിധായകരെ നോക്കൂ.. ലോഹിതദാസ് എന്ന പ്രതിഭാധനനായ എഴുത്തുകാരനുമായി വേര്‍പിരിഞ്ഞതിനു ശേഷം ഓരോ സിനിമ കഴിയുമ്പോഴും ഓരോ പടവ് താഴേക്കു വരികയാണ് സിബിയുടെ കരിയര്‍. നല്ല എഴുത്തുകാരെ കിട്ടുന്നില്ലെന്നതാണ് സിബിയുടെ പരാതി. അതേ സമയം ശ്രീനിവാസനെയും രഞ്ജന്‍ പ്രമോദിനെയും പോലുള്ള മികച്ച തിരക്കഥാകൃത്തുക്കളെ സമയത്തിന് കിട്ടാതെ വന്നപ്പോള്‍ തിരക്കഥയുടെ ജോലി സ്വയമേറ്റെടുത്ത് സത്യന്‍ സൂപ്പര്‍ഹിറ്റുകളുണ്ടാക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ ഈ വളര്‍ച്ചക്ക് സമാനതയില്ല. പല പ്രഗത്ഭ സംവിധായകരും തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലുകള്‍ മാത്രമാണ് ഇന്ന്. സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകളുടെ നിലവാരം ഇപ്പോള്‍ അദ്ദേഹമെടുക്കുന്ന സിനിമകള്‍ക്കുണ്ടോയെന്നത് ഒരു തര്‍ക്കവിഷയമായേക്കാം. അതിനെ കുറിച്ച് ചേരി തിരിഞ്ഞ് തര്‍ക്കിച്ചാലും ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കും. സത്യന് അന്നും ഇന്നും സിനിമ വിജയിപ്പിക്കാനറിയാം. അത് ഗിമ്മിക്കുകള്‍ കൊണ്ടും കോമഡിയെന്ന പേരിലുള്ള തറവേലകള്‍ കൊണ്ടുമല്ല. ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന കഥകള്‍ കണ്ടെത്താനും അത് സരസമായി അവതരിപ്പിക്കാനുമുളള്ള കഴിവ് ഇന്നും സത്യന്‍ നിലനിര്‍ത്തുന്നതു കൊണ്ടാണ്.


Click it and Unblock the Notifications