പതിനാലുകാരി പ്രണയരംഗത്ത്, സെന്‍സര്‍ ബോര്‍ഡ് പ്രതിക്കൂട്ടില്‍
ബാംഗ്ലൂര്‍: പതിനാലുവയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പ്രണയരംഗങ്ങളില്‍ അഭിനയിച്ച ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി.
ചെലുവിന ചിറ്റാര എന്ന ചിത്രത്തിനെതിരെ ഒട്ടേറെ രക്ഷിതാക്കള്‍ പരാതിയുമായി വന്ന സാഹചര്യത്തിലാണ് വനിതാ കമ്മിഷന്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയയ്‌ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ചിത്രം കണ്ട് തങ്ങളുടെ പെണ്‍കുട്ടികള്‍ വഴിതെറ്റിയതായി ചില രക്ഷിതാക്കള്‍ പരാതിയുമായി തന്റെയടുത്ത് വന്നിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പ്രമീള നിസര്‍ഗി പറഞ്ഞു. നഗരത്തിന്റെ ഒരുഭാഗത്ത് എട്ടോളം പെണ്‍കുട്ടികള്‍ ഇങ്ങനെ ഒളിച്ചോടിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രമീള നിസര്‍ഗി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കമ്മിഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. സെപ്‌റ്റംബര്‍ 29ന് ചിത്രത്തിന്റെ സംവിധായകന്‍ എസ്.നാരായണയോടും നിര്‍മ്മാതാവിനോടും കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും പ്രമീള നിസര്‍ഗി അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എങ്ങനെയാണ് ഇത്തരം വേഷങ്ങളില്‍ അഭിനയിപ്പിക്കുക. സമൂഹത്തില്‍ അത് എന്തു പ്രതികരണമാണ് ഉണ്ടാക്കുക. സെന്‍സര്‍ ബോര്‍ഡിന് ഇത്തരം ചിത്രങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കാന്‍ കഴിഞ്ഞു- പ്രമീള നിസര്‍ഗി ചോദിച്ചു.
പത്താംക്ലാസുകാരിയായ അമൂല്യയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. 'മുങ്കാരു മളെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേശാണ് ചെലുവിന് ചിറ്റാരയിലെ നായകന്‍.


Click it and Unblock the Notifications