രാജേഷിന്റെ അവസാന നാളുകളില്‍ പെങ്ങളെ പോലെ കൂടെ നിന്ന മഞ്ജു! നടിയെ കുറിച്ച് സഞ്ജയ്
മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യരുടെ 42ാം ജന്മദിനമാണിന്ന്. മോളിവുഡിന്റെ ലേഡീ സൂപ്പര്‍സ്റ്റാറിന് പിറന്നാളാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. സിനിമാ പ്രവര്‍ത്തകരും ആരാധകരുമടക്കമുളളവരെല്ലാം മഞ്ജുവിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. അതേസമയം മഞ്ജുവിനെ കുറിച്ച് തിരക്കഥാകൃത്തായ സഞ്ജയ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ബോബി സഞ്ജയ് ടീമിലെ സഞ്ജയ്.
കൗമുദി ടിവിയുടെ യൂടൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പറത്തുവന്നിരിക്കുന്നത്. മഞ്ജു വാര്യരെ ഞാന്‍ ആദ്യമായി കാണുന്നത് എന്റെ അച്ഛന്‍ പ്രേംപ്രകാശ് നിര്‍മ്മിച്ച ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണെന്ന് സഞ്ജയ് പറയുന്നു. അതിന് ശേഷം മഞ്ജു ഞങ്ങള്‍ എഴുതിയ ഹൗ ഓള്‍ഡ് ആര്‍ യൂവില്‍ അഭിനയിച്ചു.

മഞ്ജുവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഞങ്ങള്‍ എഴുതാത്ത ഒരു സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ്. വേട്ട എന്ന സിനിമയാണ്. വേട്ട സംവിധാനം ചെയ്തത് ഞങ്ങളുടെ പ്രിയ സുഹൃത്തായ രാജേഷ് പിളളയായിരുന്നു. രാജേഷിന്റെ അവസാന കാലത്താണ് വേട്ട അദ്ദേഹം സംവിധാനം ചെയ്തത്.

രോഗം മൂര്‍ച്ഛിച്ച അവസ്ഥയായിരുന്നു. അധിക കാലം ഉണ്ടാവില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. ആ സിനിമയിലും മഞ്ജു അഭിനയിച്ചു. അതിന്റെ ചിത്രീകരണത്തിന് ശേഷം രാജേഷ് എന്നോട് പറഞ്ഞൊരു കാര്യമുണ്ട് മഞ്ജുവിനെ കുറിച്ച്, എനിക്ക് പുതിയ പെങ്ങളെ കിട്ടിയിരിക്കുന്നു എന്നാണ് പറഞ്ഞത്.

താന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും ഒരാളെ പറ്റി അങ്ങനെ പറയണമെങ്കില്‍ അതില്‍ എത്രത്തോളം സത്യമുണ്ടാകും, അത് എത്രത്തോളം വലിയ കാര്യമാണെന്ന് എനിക്ക് അന്ന് വിസ്മയത്തോടെ തോന്നിയിട്ടുണ്ട്. അതൊരു വലിയ കാര്യം തന്നെയാണ്. അതിന് ശേഷം രാജേഷിന്റെ അവസാന മണിക്കൂറുകളില്‍ മഞ്ജു സ്ഥലത്ത് ഉണ്ടായിരുന്നില്ല.

എന്നാല്‍ ഓരോ മണിക്കൂറും മഞ്ജു വിളിച്ച് അന്വേഷിച്ചു. രാജേഷിനെ പറ്റി. അപ്പോ ഒരാളുടെ അവസാന സമയത്ത്, പ്രിയപ്പെട്ട സുഹൃത്തിന്റെ അവസാന സമയത്ത് അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കി ഒരു പെങ്ങളായിട്ട് അദ്ദേഹത്തിന്‌റെ കൂടെ നിന്ന മഞ്ജുവിനെയാണ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത്. ജന്മദിനാശംസകള്‍ മഞ്ജു. സഞ്ജയ് പറഞ്ഞു.

2016ലായിരുന്നു രാജേഷ് പിളളയുടെ സംവിധാനത്തില്‍ വേട്ട പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ചിത്രത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീണറായ ശ്രീബാല ഐപിഎസായിട്ടാണ് മഞ്ജു അഭിനയിച്ചത്. മലയാളത്തില്‍ ഇറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു രാജേഷ് പിളളയുടെ വേട്ട. വേട്ടയ്ക്ക് മുന്‍പ് ട്രാഫിക്ക്, മിലി തുടങ്ങിയ ശ്രദ്ധേയ സിനിമകളും രാജേഷ് പിളളയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു


Click it and Unblock the Notifications