എല്ലാവരും തകര്‍ന്നിരുന്നു, അത്രമാത്രമായിരുന്നു ആക്രമണം! അമ്മ ഉയിര്‍ത്തെഴുന്നേൽക്കാൻ തുടക്കമിട്ടത് സുരേഷ് ഗോപി
മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ. കഴിഞ്ഞ കുറേക്കാലമായി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് അമ്മ പോയിക്കൊണ്ടിരുന്നത്. ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയിലെ നേതൃത്വ നിരയിലുള്ളവര്‍ക്കെതിരെയും ആരോപണം വന്നു. അങ്ങനെ ചില ആരോപണങ്ങളില്‍ കുടുങ്ങിയ അമ്മയുടെ ഭരണസമിതി തന്നെ പിരിച്ചുവിടേണ്ടി വന്നു.
അമ്മ തകര്‍ന്നുവെന്നും ഇനി സംഘടന ഇല്ലെന്നും വരെ പ്രചരണമായി. എന്നാല്‍ കഴിഞ്ഞദിവസം അമ്മയുടെ കുടുംബ സംഗമം നടത്തിയതിന്റെ വിശേഷങ്ങള്‍ ആണ് പുറത്തുവരുന്നത്. നടി സീമ ജി നായര്‍ ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പിലൂടെ അമ്മ തകര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ്.

'നമസ്‌ക്കാരം... ഇന്നലെ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ദിവസം ആയി മാറി. 'അമ്മയുടെ കുടുംബ സംഗമം'അമ്മ രൂപീകൃതമായി 30 വര്‍ഷത്തിന് ശേഷം ആദ്യമായി എല്ലാവരും ഒത്തു ചേര്‍ന്നു. അവരുടെ കുടുംബങ്ങളുമായി. ചവിട്ടി താഴ്ത്തിയവര്‍ക്കു മറുപടിയായി, നശിപ്പിക്കണം എന്ന് വിചാരിച്ചവര്‍ക്ക് മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റു 'അമ്മ', അതിന് തുടക്കമിട്ടത് സുരേഷ് ഗോപി ചേട്ടന്‍...
നവംബര്‍ 1 ന് അമ്മയുടെ ഓഫീസില്‍ വെച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ഓരോ അംഗങ്ങളുടെയും വികാരമായി മാറി അമ്മ. മാനസികമായി എല്ലാവരും തകര്‍ന്നിരുന്നു. അത്രമാത്രമായിരുന്നു ആക്രമണം. എത്രയോ പേര്‍ക്ക് അന്നവും, മരുന്നും കൊടുക്കുന്നു. എല്ലാ മാസവും 1 തീയതി കൈനീട്ടം കിട്ടാനായി കാത്തിരിക്കുന്നവര്‍ എത്രയോ പേര്‍...

ചെയ്യുന്ന നന്മകള്‍ ഒന്നും അറിയാതെ, ശരിയോ, തെറ്റോ എന്ന് പോലും ചിന്തിക്കാതെ കല്ലെറിയുകയായിരുന്നു. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ അതിജീവന പാതയിലെത്തി. മമ്മുക്കയും ലാലേട്ടനും സുരേഷേട്ടനും ഒത്തൊരുമിച്ച ആ വലിയ വടവൃക്ഷ ചുവട്ടില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആയിരുന്നു. ഇങ്ങനെയൊരു ദിവസത്തിലേക്കെത്തിക്കാന്‍ ഓടി നടന്ന അഡ്ഹോക് കമ്മിറ്റിയിലെ എല്ലാ മെമ്പേഴ്‌സിനും നന്ദി.
ബാബുരാജിനും ചേര്‍ത്തല ജയന്‍ ചേട്ടനും അന്‍സിബ, സരയു, അനന്യ, ജോമോള്‍, വിനു മോഹന്‍... അങ്ങനെ പോകുന്നു ആ നിര. രാവിലെ മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ നീണ്ടു നിന്ന ആ പ്രോഗ്രാമില്‍ എല്ലാവരും ഒറ്റകെട്ടായി നിന്നും അവിടെ സൂപ്പര്‍സ്റ്റാറിനെയോ മെഗാസ്റ്റാറിനെയോ ഒന്നും ആരും കണ്ടില്ല. കണ്ടത് ചേര്‍ത്ത് പിടിക്കുന്ന കുറെ മനസുകളെയായിരുന്നു, കൈകകളെ ആയിരുന്നു... ഇങ്ങനെയൊരു ദിവസം സംജാതമാക്കിയ എല്ലാവര്‍ക്കും നന്ദി. എന്നെന്നും മനസ്സില്‍ ഓര്‍ക്കാന്‍ ഒരു ദിവസം സമ്മാനിച്ചതിന്. അപ്പോള്‍ നല്ലൊരു ഞായറാഴ്ച്ച നേരുന്നു...'


Click it and Unblock the Notifications