അഞ്ച് ദിവസം മുൻപ് ദിലീപ് വിളിച്ചിരുന്നതാണ്, നിനക്ക് എന്താണ് പറ്റിയത്? വിശ്വസിക്കാനാവുന്നില്ലെന്ന് സീമ ജി നായർ
മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് പ്രിയപ്പെട്ട നടന്‍ ദിലീപ് ശങ്കറിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സീരിയലുകളില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന നടനെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് നടന് കണ്ടെത്തിയതെന്നും തുടങ്ങി താരത്തിന്റെ വിയോഗവാര്‍ത്ത വേദനയുളവാക്കുന്നതാണ്. അപ്രതീക്ഷിത വേര്‍പാടിന് കുറിച്ച് അറിഞ്ഞ് ഞെട്ടലിലാണ് നടി സീമ ജി നായരും. കഴിഞ്ഞ ദിവസം ദിലീപുമായി ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

'ആദരാഞ്ജലികള്‍, 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ... അന്ന് തലവേദനയായി കിടന്നത് കൊണ്ടു സംസാരിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. എന്താണ് ദിലീപ് നിനക്ക് പറ്റിയത്. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര... എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികള്‍...' സീമ ജി നായര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
'പ്രിയപ്പെട്ട ദിലീപേട്ട വിശ്വസിക്കാൻ ആകുന്നില്ല. നിരവധി വേഷം ഒരുമിച്ചു ചെയ്തു. മനോഹരമായി അഭിനയിക്കുന്ന നടനായിരുന്നു. അവസാനമായി ചെയ്ത ഫ്ളവേഴ്സ് ചാനലിലെ പഞ്ചാഗ്നി, അതിലെ ചന്ദ്രസേനൻ എന്ന അച്ഛൻ കഥാപാത്രം ഗംഭീരമായി അഭിനയിച്ചു. ഞാൻ അത് പറയുകയും ചെയ്തു, നല്ല മനുഷ്യൻ ആത്മാവിന് നിത്യശാന്തി നേരുന്നു...'എന്നാണ് നടൻ ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അതേസമയം ദിലീപ് ശങ്കറിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുകയാണ് സീരിയല്‍ സംവിധായകനായ മനോജ്. ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയലിന്റെ സംവിധായകനാണ് മനോജ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിലീപ് ചികിത്സയിലായിരുന്നെന്നും രോഗാവസ്ഥ അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.
പിന്നെ ഫോണില്‍ വിളിച്ചാല്‍ എടുക്കാതിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നതിനായി നാലുദിവസത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. രണ്ടുദിവസം ചിത്രീകരണത്തിന് വന്നെങ്കിലും പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ അദ്ദേഹത്തെ തിരഞ്ഞ് ഹോട്ടലില്‍ നേരിട്ട് എത്തുകയായിരുന്നു.
ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകന്‍ മനോജ് വ്യക്തമാക്കിയിരിക്കുകയാണ്.

സീരിയല്‍ ചിത്രീകരണത്തിന്റെ ഭാഗമായി നാല് ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ദിലീപ് ശങ്കര്‍ മുറിയെടുത്ത് താമസിച്ചത്. രണ്ടുദിവസം ഷൂട്ടിങ്ങില്‍ പങ്കെടുത്തു. രണ്ടുദിവസം ഷൂട്ട് ഇല്ലാത്തതിനെ തുടര്‍ന്നാണ് മുറിയില്‍ താമസിച്ചത്. റസ്റ്ററോറന്റില്‍ വന്ന് സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ടെങ്കിലും രണ്ട് ദിവസമായി അദ്ദേഹത്തെ കണ്ടിരുന്നില്ല.
നടനെ ഹോട്ടലിന് പുറത്തേക്ക് കാണാത്തത് സീരിയലുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്ത് പോയത് കൊണ്ടാണന്ന് കരുതിയെന്നും അതാണ് മുറി പരിശോധിക്കാതെ ഇരുന്നതെന്നുമാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
അതേ സമയം പ്രിയപ്പെട്ട നടന്റെ അപ്രതീക്ഷിത വിയോഗമുണ്ടായതിന്റെ ആഘാതത്തിലാണ് മലയാള ടെലിവിഷന്‍ ലോകം. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി മാറിയ താരമാണ് ദിലീപ് ശങ്കര്‍. ഈ ദിവസങ്ങളിലും അദ്ദേഹം അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.


Click it and Unblock the Notifications