കഥ തുടരുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ മാറുന്നു
രണ്ടാം ഭാഗങ്ങളെ കുറിച്ച് മുമ്പൊക്കെ വിരളമായി മാത്രമേ സംവിധായകര്‍ ആലോചിക്കാറുള്ളൂ. നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമായി പട്ടണപ്രവേശം പുറത്തിറങ്ങിയപ്പോള്‍ അക്കാലത്ത് അതൊരു അപൂര്‍വതയായിരുന്നു. നാടോടിക്കാറ്റിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറിയ ദാസനെയും വിജയനെയും വീണ്ടും കാണാന്‍ അവര്‍ തിയേറ്ററുകളിലെത്തി. കുറ്റാന്വേഷണ രീതിയുടെ വ്യത്യസ്തമായ അനുഭവം പകര്‍ന്ന സിബിഐ ഓഫീസര്‍ സേതുരാമയ്യരെ വീണ്ടും കാണുക എന്ന കൗതുകമായിരുന്നു ജാഗ്രത എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്.
പട്ടണപ്രവേശം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണ് മൂന്നാം ഭാഗമായ അക്കരെ അക്കരെ അക്കരെ പുറത്തിറങ്ങിയത്. സിബിഐ സിനിമാ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ സേതുരാമയ്യര്‍ സിബിഐ പുറത്തിറങ്ങിയത് ജാഗ്രത പുറത്തിറങ്ങി ഒന്നര ദശകത്തിനു ശേഷമാണ്. റാംജിറാവ് സ്പീക്കിംഗിന്റെ തുടര്‍ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിംഗും കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയതും ആദ്യം ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അക്കരെ അക്കരെ അക്കരെ ഒഴികെയുള്ള എല്ലാ തുടര്‍ഭാഗ ചിത്രങ്ങളും ആദ്യചിത്രങ്ങളുടെ സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ്.
എന്നാല്‍ ഇപ്പോള്‍ തുടര്‍ഭാഗങ്ങളൊരുക്കുന്ന രീതിക്ക് മാറ്റം വന്നിരിക്കുന്നു. സേതുരാമയ്യര്‍ പുറത്തിറങ്ങിയതിന്റെ അടുത്ത വര്‍ഷം തന്നെ സിബിഐ സിനിമാ പരമ്പരയിലെ നാലാം ഭാഗമായ നേരറിയാന്‍ സിബിഐ റിലീസ് ചെയ്തു. ഇപ്പോള്‍ പഴയ ഹിറ്റുകളില്‍ പലതിനും തുടര്‍ഭാഗങ്ങളൊരുക്കാനുള്ള പദ്ധതികള്‍ വാര്‍ത്തകളില്‍ നിറയുന്നു. പുതിയ തുടര്‍ഭാഗങ്ങളില്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ മാറിമറിയുന്നു.
നാടോടിക്കാറ്റിന് നാലാം ഭാഗമൊരുക്കാന്‍ റോഷന്‍ ആന്‍ഡ്രൂസും ജെയിംസ് ആല്‍ബര്‍ട്ടും ആലോചിക്കുന്നുവെന്ന വാര്‍ത്തക്കു പിന്നാലെയാണ് നാലാം ഭാഗമൊരുക്കാനുള്ള അനുവാദം നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ശ്രീനിവാസനില്‍ നിന്നും റാഫി മെക്കാര്‍ട്ടിന് ലഭിച്ചുവെന്ന് കേള്‍ക്കുന്നത്. നാടോടിക്കാറ്റിന് നാലാം ഭാഗമൊരുക്കുന്നത് റോഷന്‍ ആന്‍ഡ്രൂസായാലും റാഫി മെക്കാര്‍ട്ടിനായാലും അതില്‍ ശ്രീനിവാസന്റെയോ നാടോടിക്കാറ്റും പട്ടണപ്രവേശവും സംവിധാനം ചെയ്ത സത്യന്‍ അന്തിക്കാടിന്റെയോ അക്കരെ അക്കരെ അക്കരെയുടെ സംവിധായകന്‍ പ്രിയദര്‍ശന്റെയോ പങ്കാളിത്തമുണ്ടാവില്ലെന്നുറപ്പ്.
പഴയ കാല ഹിറ്റ് ചിത്രമായ ഇരുപതാം നൂറ്റാണ്ടിന് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്നതാണ് മറ്റൊരു വിശേഷം. സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി തിരക്കഥയെഴുതും. ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്തതിനു പിന്നാലെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകന്‍ കെ.മധു തന്റെയീ പഴയകാല സൂപ്പര്‍ഹിറ്റിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന അറിയിപ്പുമായി മുന്നോട്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ടിനെ കുറിച്ച് കെ.മധു മൗനം പാലിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം കെ.മധുവിന് ഒരുക്കാനാവില്ലെന്നാണ് സൂചന.


Click it and Unblock the Notifications