സീരിയലിലെ നായികയും നായകനും വിളിച്ചിട്ട് വന്നില്ല, ഇയാള്‍ അവര്‍ക്ക് നേരെ ഫോണ്‍ എറിഞ്ഞു! വിവാദത്തെ പറ്റി മഹേഷ്
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മഹേഷ്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം അച്ഛന്‍ വേഷത്തിലും അമ്മാവാന്‍ റോളുകളിലുമൊക്കെ തിള്ങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഒരു സീരിയല്‍ ലൊക്കേഷനില്‍ വെച്ച് വളരെ മോശമായൊരു അനുഭവം മഹേഷിന് നേരിടേണ്ടി വന്നു.
അസിസ്റ്റന്റ് ഡയറക്ടര്‍ നടന്‍ മഹേഷിനെ തല്ലുകയായിരുന്നു. ഈ സംഭവത്തെ കുറിച്ച് അടുത്തിടെ വാര്‍ത്ത വരികയും ചെയ്തു. പിന്നാലെ അന്ന് സീരിയല്‍ ലൊക്കേഷനില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. സീരിയല്‍ ടുഡേ മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹേഷ്.

'ആ സംഭവം മനഃപൂര്‍വ്വം ആണെന്ന് കരുതുന്നില്ല. ചില നിമിഷങ്ങളില്‍ പെട്ടെന്ന് മനുഷ്യന് വികാരങ്ങള്‍ വരാം. അതിന് പുറത്ത് വന്നതാവണമേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. അല്ലാതെ മുന്‍വൈരാഗ്യം വെച്ച് ചെയ്യാന്‍ ഞങ്ങള്‍ തമ്മില്‍ മുന്‍പരിചയമില്ല. ഏഴോ എട്ടോ ഷെഡ്യൂളുകളില്‍ മാത്രമേ ഞങ്ങളൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളു. ലൊക്കേഷനില്‍ ഇദ്ദേഹത്തെ മുന്‍പും വളരെ ഹൈപ്പര്‍ ആയി ഞാന്‍ കണ്ടിട്ടുണ്ട്.
ഇതില്‍ അഭിനയിക്കുന്ന നായകനും നായികയും റീല്‍സ് എടുത്ത് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇവന്‍ വന്ന് അവരോട് ഡ്രസ്സ് ചെയിഞ്ച് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒന്ന് രണ്ട് തവണ പറഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് അവരുടെ നേരെ സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇതേ സീരിയലിന്റെ തന്നെ ഷൂട്ട് പാലക്കാട് വെച്ച് നടത്തിയപ്പോള്‍ വേറെ ആരോടോ ഉള്ള ദേഷ്യത്തിന് സ്വന്തം ഫോണ്‍ ഗ്രൗണ്ടില്‍ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കലാപരിപാടികള്‍ ഉള്ള വ്യക്തിയാണ് അദ്ദേഹം.
ഇത്തരം പ്രവൃത്തികള്‍ നടത്താനുള്ള സ്ഥലമല്ല സീരിയല്‍ ലൊക്കേഷന്‍. വ്യത്യസ്തരായ പത്തോ അന്‍പതോ നൂറോ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലമാണ് ഇതുപോലെയുള്ള ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍. ഓരോരുത്തരും ഓരോ വീടുകളില്‍ നിന്ന് വരുന്നവരുമാണ്. എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളും ഉണ്ടാവും. അതൊന്നും തീര്‍ക്കാനുള്ള സ്ഥലമല്ല ലൊക്കേഷന്‍.
ഞാന്‍ വളരെ കഷ്ടപ്പെട്ട് ഈ മേഖലയിലേക്ക് വന്നയാളാണ്. അസിസ്റ്റന്റ് ഡയറക്ടറായി വന്ന് മറ്റൊരാള്‍ക്ക് പകരം യാദൃശ്ചികമായിട്ടാണ് അഭിനയിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ബുദ്ധിമുട്ട് എനിക്കും അറിയാം. ക്ലാപ്പ് പിടിച്ച് തുടങ്ങി അതേ ക്ലാപ്പ് കൊണ്ട് ഗുരുനാഥന്റെ കൈയ്യില്‍ നിന്നും തലയ്ക്ക് അടി വാങ്ങിയിട്ടുണ്ട്. അന്ന് യൂണിയന്‍ ഇല്ലാത്തത് കൊണ്ട് പ്രശ്‌നം ഇല്ലാതെ പോയി.
ആരോ പറഞ്ഞ് കൊടുത്തത് പ്രകാരം എന്നെ കുറിച്ച് ഇദ്ദേഹത്തിനൊരു തെറ്റിദ്ധാരണ ഉണ്ടായെന്ന് പിന്നീട് സംവിധായകന്‍ പറഞ്ഞ് ഞാനറിഞ്ഞു. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഞാന്‍ ആരോടോ പറഞ്ഞെന്ന്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല. നിഷേധിക്കുന്നതല്ല, ഞാനൊന്നും നേരില്‍ കണ്ടിട്ടുമില്ല. അപ്പോള്‍ അങ്ങനെ സംശയം പോകേണ്ട കാര്യം പോലുമില്ല. അദ്ദേഹം സിഗററ്റ് വലിക്കുന്നതോ മദ്യപിക്കുന്നതോ ലഹരികള്‍ ഉപയോഗിക്കുന്നതോ മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.

ശരിക്കും പറഞ്ഞാല്‍ എനിക്ക് ഈ വ്യക്തിയോട് ബഹുമാനമുണ്ട്. കാരണം പുള്ളി ഒറ്റയ്ക്കാണ് ഈ മൂന്നാല് നിലയുള്ള കെട്ടിടത്തില്‍ കയറി ഇറങ്ങി കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അന്നത്തെ ദിവസം വേറെ ചിലതും ഉണ്ടായി. ഞാന്‍ വലിയൊരു നടനല്ല, കാര്യങ്ങള്‍ മനസിലാക്കി, പഠിച്ചിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ചെയ്യാനുള്ള സീന്‍ എന്താണെന്നും ഡയലോഗും എനിക്ക് നേരത്തെ തരണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട്.
പക്ഷേ അന്നത്തെ ദിവസം രാവിലെ മുതല്‍ ചോദിച്ചിട്ടും ഇവനത് എനിക്ക് തന്നില്ല. സംവിധായകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഇയാളെ വിളിച്ച് ചോദിച്ചു. എന്ത് കൊണ്ട് കൊടുത്തില്ലെന്ന് ചോദിച്ചപ്പോള്‍ 'ആ കൊടുക്കാന്‍ പറ്റിയില്ല, ഇനി സീനെടുക്കുമ്പോള്‍ ചെയ്താല്‍ മതിയെന്നായി.'
അതെനിക്ക് പറ്റില്ല, ഇപ്പോള്‍ തന്നെ വേണമെന്ന് ഞാനും പറഞ്ഞു. ഇയാള്‍ വീടിന്റെ മുകളിലെ നിലയില്‍ നില്‍ക്കുവായിരുന്നു. ഞാനിത് പറഞ്ഞതും ഇറങ്ങി വന്നു. എന്നിട്ട് ഇരുന്നിടത്ത് എന്നെ പിടിച്ച് തള്ളി. പെട്ടെന്നുള്ള ആക്രമണത്തില്‍ കൈയ്യിലിരുന്ന ചീപ്പ് ഞാന്‍ ഇവന് നേരെ വീശി. ഇതോടെ എന്റെ നെഞ്ചിനിട്ട് ഒറ്റ ഇടിയായിരുന്നു. മേജര്‍ ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞിട്ടുള്ള ആളാണ് ഞാന്‍. ഇതിന് ശേഷം ആശുപത്രിയില്‍ പോയപ്പോള്‍ ഇസിജിയില്‍ വെരിയേഷന്‍ ഉണ്ടായിരുന്നു. നിര്‍മാതാവിന്റെ അവസ്ഥ ഓര്‍ത്ത് പിറ്റേന്ന് മുതല്‍ താന്‍ അഭിനയിക്കാന്‍ പോയെന്നും മഹേഷ് പറയുന്നു.


Click it and Unblock the Notifications











