പ്രമുഖ നടിയുടെ പരാതി; ഉപ്പും മുളകും താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസ്
സീരിയൽ-സിനിമ താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസ്. പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിന് ഇടയിൽ ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
സീരിയൽ മേഖലയിൽ മാത്രമല്ല സിനിമകളിലും സജീവമാണ് ഇരുവരും. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.

സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം. ബിജു സോപാനത്തിനേയും എസ്.പി ശ്രീകുമാറിനേയും പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇരുവരേയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കും നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടിയിലേക്കും പ്രത്യേക അന്വേഷണ സംഘം കടക്കും. കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അരങ്ങിലേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടും സോപാനത്തെ ബിജു കൈവിട്ടില്ല. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ബിജു. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരമ്പരകളിലൂടെയുമായിരുന്നു എസ്.പി ശ്രീകുമാറിന്‍റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു.
പിന്നീടങ്ങോട്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിഗ് സ്ക്രീനിലെ താരമായി. കലാഭവന്‍ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് എസ്.പി. ശ്രീകുമാർ. ഉപ്പും മുളകും സീരിയലും മറിമായം സീരിയലുമാണ് ശ്രീകുമാറിന് ആരാധകരെ നേടി കൊടുത്തത്. സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാറാണ് ഭാര്യ.


Click it and Unblock the Notifications











