തൊമ്മന്‍ ഇന്നസെന്റ്, മക്കള്‍ മോഹന്‍ലാലും മമ്മൂട്ടിയും??
ഒരു സിനിമ എഴുതി തുടങ്ങുമ്പോള്‍ തന്നെ കഥാപാത്രങ്ങളായി ആരെ നിശ്ചയ്ക്കണമെന്ന് ചില എഴുത്തുകാര്‍ക്ക് ആദ്യമേ ധാരണയുണ്ടാകും. പിന്നീട് പല ചര്‍ച്ചകളും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തു വരുമ്പോള്‍ ചിലപ്പോള്‍ അവരെ മാറ്റിവയ്‌ക്കേണ്ടിയും വരും. സിനിമ ഹിറ്റായാല്‍ പറഞ്ഞു കേള്‍ക്കാം, ഈ ചിത്രത്തിന് ആദ്യം പരിഗണിച്ചത് ഇന്ന നടനെ ആയിരുന്നു, അല്ലെങ്കില്‍ നടിയെയായിരുന്നു എന്ന്.
അടുത്തിടെ മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം എന്ന ചിത്രത്തിനെ സംബന്ധിച്ചും കേട്ടു ഇങ്ങനെ ഒരു വാര്‍ത്ത. മമ്മൂട്ടിയെ ആയിരുന്നത്രെ ആദ്യം ജോര്‍ജു കുട്ടിയായി പരിഗണിച്ചത്. സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന് വേണ്ടി ഡോക്ടര്‍ ബിജു സൂപ്പര്‍സ്റ്റാറുകളെ സമീപിച്ചെരുന്നെന്നും കേട്ടു. അതുപോലെ ഇപ്പോള്‍ ഒരു പഴയ കഥ കേള്‍ക്കുന്നു.

2005-ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'തൊമ്മനും മക്കളും' എന്ന ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ഇന്നസെന്റ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെയായിരുന്നുവെന്ന്. ചിത്രത്തില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച തൊമ്മനായി ഇന്നസെന്റും മക്കളായി മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കാനായിരുന്നുവത്രെ തീരുമാനിച്ചിരുന്നത്. അന്നത്തെ പത്രത്തില്‍ ആദ്യ പേജില്‍ തന്നെ ഈ വാര്‍ത്തയും വന്നിരുന്നുവത്രെ.
പക്ഷെ പിന്നീടെന്തുകൊണ്ടോ അത് നടന്നില്ല. മോഹന്‍ലാലിന് പകരം ലാലാണ് ആ വേഷം ചെയ്തത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ തൊമ്മനും മക്കളും മികച്ച ഒരു ഹാസ്യചിത്രം കൂടെയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അന്ന് ആ സിനിമയില്‍ കൂടെ ഒന്നിച്ചിരുന്നെങ്കില്‍ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന മറ്റൊരു ചിത്രമായി അതും മാറിയേനെ.


Click it and Unblock the Notifications