രണ്ടാം ഭാഗം തലയ്‌ക്കു പിടിച്ച് ഷാഫി
വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് ഹോളിവുഡിലെ സ്ഥിരം കാഴ്‌ചയാണ്. ആദ്യ ചിത്രത്തിന്റെ വിജയ ത്തിന്റെ തണലില്‍ രണ്ടാം ചിത്രത്തിനും മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാമെന്നതു കൊണ്ടാണ് തുടര്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.
മലയാളത്തില്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണം ചൂണ്ടിക്കാണിക്കാവുന്നത് മമ്മൂട്ടി-കെ. മധു കൂട്ടുക്കെട്ടിലുള്ള സിബിഐ പരമ്പരയിലുള്ള ചിത്രങ്ങളാണ്. ആദ്യ ചിത്രത്തിന്റെ ക്രെഡിറ്റില്‍ തുടര്‍ന്നെത്തിയ മൂന്ന് സിബിഐ ചിത്രങ്ങളില്‍ രണ്ടിനും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മലയാള സിനിമയില്‍ തുടര്‍ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ മുന്‍ പന്തിയിലുള്ള സംവിധായകനാണ് ഷാഫി. താന്‍ സംവിധാനം നിര്‍വഹിച്ച മൂന്നു ചിത്രങ്ങള്‍ക്ക് തുടര്‍ഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഷാഫി.
ഷാഫിയുടെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് 2007ലെ മെഗാഹിറ്റായിരുന്ന മായാവിയുടെ രണ്ടാം ഭാഗം. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് വൈശഖാ മൂവീസായിരിക്കുമെന്നാണ് പ്രഖ്യാപനം.
സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും പ്രദര്‍ശനത്തിയ ഉടനെ അതിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് ഷാഫി പ്രഖ്യാപിച്ചിരുന്നതാണ്. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും ആ പദ്ധതി ഇതു വരെ നടപ്പായില്ല.
മായാവിക്കു ശേഷം തിയറ്ററുകളെ ഇളക്കിമറിച്ച ചോക്ലേറ്റിനും ഇതു പോലൊരു തുടരന്‍ ഷാഫിയും സംഘവും പ്രഖ്യാപിച്ചിരുന്നു. ചോക്ലേറ്റിലെ താരങ്ങള്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലെന്നായിരുന്നു പ്രഖ്യാപനം.
തൊമ്മനും മക്കളും എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായതു പോലാവുമോ ഷാഫിയുടെ പുതിയ രണ്ടാം ഭാഗ പദ്ധതികളും?


Click it and Unblock the Notifications