twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നരസിംഹത്തില്‍ അഭിനയിക്കാൻ മമ്മൂട്ടിയ്ക്ക് കൊടുത്ത വാക്ക്! മോഹന്‍ലാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    |

    നടന്‍ മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ച ചില സിനിമകളും കഥാപാത്രങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടൊരു നരസിംഹമാണ്. പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രമായിട്ടെത്തി മോഹന്‍ലാല്‍ ആരാധകരെ കൈയിലെടുത്തു. ഇന്നും നരസിംഹത്തിന് വലിയ പ്രേക്ഷക പിന്തുണയാണുള്ളത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000 ലാണ് നരസിംഹം തിയറ്ററുകളിലേക്ക് എത്തുന്നത്.

    ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്ന സിനിമകളില്‍ ഏറ്റവും സാമ്പത്തിക വിജയം നേടിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് ഇതാണെന്ന് പറയേണ്ടി വരും. 2020 ജനുവരി വരുമ്പോള്‍ നരസിംഹം റിലീസ് ചെയ്തിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിശേഷങ്ങള്‍ ഷാജി കൈലാസ് പങ്കുവെച്ചിരിക്കുകയാണ്.

     ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    ചില സിനിമകള്‍ അങ്ങനെയാണ്. അതൊരു ബെഞ്ച് മാര്‍ക്ക് ആയി നില്‍ക്കും. 2000 ജനുവരിയിലാണ് നരസിംഹം റിലീസ് ചെയ്യുന്നത്. ഇന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് അതുപോലൊരു ചിത്രമാണ്. ചിത്രം ഇന്നും ചാനലില്‍ വരുമ്പോള്‍ അത് കാണാന്‍ ആളുകളുണ്ട്. ആ സിനിമ റിലീസ് ചെയ്ത കാലത്ത് ജനിക്കാത്ത കുട്ടികളാണ് ഇന്നെന്റെ ആരാധകര്‍. ആറാം തമ്പുരാന്‍ എന്ന സിനിമ കഴിഞ്ഞപ്പോള്‍ ഇനി അതിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.

     ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ വെച്ചുള്ള കൂടികാഴ്ചയില്‍ ആന്റണി പെരുമ്പാവൂരിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സച്ചിയ്ക്കും വേണ്ടി ഒരു സിനിമ ചെയ്ത് കൊടുക്കാന്‍ പറ്റുമോന്ന് മോഹന്‍ലാല്‍ ചോദിച്ചത്. ആന്റണി പെരുമ്പാവൂര്‍ വിതരണക്കാരനായി സ്വര്‍ഗചിത്ര അപ്പച്ചനും വന്നതോടെ ഫിനാന്‍ഷ്യല്‍ ഏരിയ ഓക്കെയായി. കഥയൊന്നും കൈയിലില്ലെങ്കിലും ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ ഞാനും രഞ്ജിത്തും ചെന്നൈയിലെ ഈരാളി ഗസ്റ്റ് ഹൗസിലിരുന്ന് കഥാചര്‍ച്ച തുടങ്ങി. അങ്ങനെ ആദ്യം തീരുമാനിച്ചത് ദാവീദ് രാജാവ് എന്ന ചിത്രമായിരുന്നു. പക്ഷേ ചര്‍ച്ച പുരോഗമിച്ചപ്പോള്‍ അതില്‍ അത്ര സംതൃപ്തി തോന്നിയില്ല. പിന്നീട് കഥ മാറ്റി ചിന്തിച്ചു.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ പരാജയപ്പെട്ട നായകന്റെ തിരിച്ച് വരവ് പ്രേക്ഷകര്‍ക്ക് എന്നും രസിക്കുന്ന വിഷയമാണ്. അത്തരമൊരു കഥയിലേക്ക് ഫോക്കസ് ചെയ്യാന്‍ ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. അങ്ങനെയാണ് ചെയ്യാത്ത കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ച് വരുന്ന ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെ കിട്ടുന്നത്. ഫ്യൂഡല്‍ പശ്ചാതലത്തില്‍ പറഞ്ഞ് പോകുന്ന മധുരമായ പ്രതികാരത്തിന്റെ കഥയുടെ വണ്‍ലൈനുമായി ഞാനും രഞ്ജിത്തും കോഴിക്കോടേക്ക്് വണ്ടി കയറി. ബാക്കി ഭാഗങ്ങള്‍ കാലിക്കറ്റ് ടവറിലിരുന്നാണ് രൂപപ്പെടുത്തിയത്.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    ഞാന്‍ ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും നിര്‍മാതാവിന് മുടക്കുമുതല്‍ കിട്ടുമോ എന്നറിയാന്‍ ജ്യോത്സ്യനെ കാണാറുണ്ട്. അങ്ങനെ ആ ചിത്രത്തിന്റെ നിര്‍മാതാക്കളായ സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു. ആന്റണിയുടെ ജനനത്തീയതി ഗണിച്ച് ജ്യോത്സ്യന്‍ പറഞ്ഞു, ഇയാള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കോടികള്‍ കൊയ്യാന്‍ യോഗമുള്ള ആളാണ്. തൊട്ടതെല്ലാം പൊന്നാകും. എന്നാല്‍സച്ചിയുടെ ജാതകം നോക്കിയപ്പോള്‍ അയാളുടെ മുഖം വാടി. ഈ ജാതകം തീര്‍ന്നതായാണ് കാണുന്നത്.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    മക്കളുടെ ജാതകം നോക്കിയാല്‍ ഈ സമയത്ത് അച്ഛന് ശേഷക്രിയ ചെയ്യാനുണ്ടോ എന്ന് നോക്കണം. ജീവിച്ചിരിക്കുന്നവരെ കുറിച്ച് ജ്യോത്സ്യന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഞാന്‍ ചെന്നൈയില്‍ പോയി രഞ്ജിത്തിനോട് ഈ കാര്യം പറയുമ്പോള്‍ ഷോഗണ്‍ രാജന്‍ വിളിച്ചു. അറിഞ്ഞില്ലേ നിങ്ങളുടെ നിര്‍മാതാവ് തലകറങ്ങി വീണു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്താണ് ഞാന്‍ വരുന്നത്. പ്രവചനം ഫലിച്ചു. ഞങ്ങളുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സച്ചി വിട പറഞ്ഞു. പിന്നീട് ആന്റണി ചിത്രം ഏറ്റെടുക്കുകയായിരുന്നു.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    അന്ന് രജനികാന്തിന്റെ പടയപ്പ റിലീസ് ചെയ്ത കാലമായിരുന്നു. ആ ചിത്രം കണ്ടതില്‍നിന്ന് കിട്ടിയ ആവേശത്തിലാണ് ഞാന്‍ നരസിംഹത്തിന്റെ ഷൂട്ടിങ്ങിനിറങ്ങിയത്. ഇന്ദുചൂഡനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ ആ കഥാപാത്രത്തിന്റെ ഫയര്‍ മോഹന്‍ലാലിലേക്ക് പെട്ടെന്ന് കയറി. പിന്നീട് ലാല്‍ ഇന്ദുചൂഡന്റെ ബാധ കയറിയതുപോലെയായിരുന്നു അഭിനയം. വളരെ ഫാസ്റ്റായ മൂവ്‌മെന്റില്‍ മ്യൂസിക് മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു ഞാന്‍ ഷൂട്ട് ചെയ്തത്. രഞ്ജിത്ത് ഓരോ സീനും മനോഹരമായി എഴുതുകയും ചെയ്തിരുന്നു. ഇത്തരം വെല്ലുവിളി ഉയര്‍ത്തുന്ന സ്‌ക്രിപ്റ്റ് കിട്ടുമ്പോഴാണ് നമ്മുടെ ഉള്ളിലും ഫയര്‍ വന്നുകയറുന്നത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സീന്‍ ബൈ സീനായി ചിത്രത്തിലെ ഡയലോഗ് പറയുന്നവരെ എനിക്ക് അറിയാം. അത് സിനിമ തീര്‍ക്കുന്ന അസാധാരണ ഇംപാക്ട് ആണെന്നും ഷാജി കൈലാസ് പറയുന്നു.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    ചിത്രത്തിലെ ഭീമന്‍ രഘുവും മോഹന്‍ലാലും ചേര്‍ന്ന ഫയര്‍ ഫൈറ്റ് സീന്‍ ചെന്നൈയില്‍ ഒരു പെപ്‌സി ഗോഡൗണിലാണ് സെറ്റിട്ട് ചിത്രീകരിച്ചത്. കനല്‍ കണ്ണനായിരുന്നു ഫൈറ്റ് മാസ്റ്റര്‍. തീ കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ചങ്ങലയില്‍ സാഹസികമായി തൂങ്ങി വരുമ്പോള്‍ തീഗോളങ്ങള്‍ ഇരുവശങ്ങളില്‍നിന്നും വരും. അങ്ങനെയാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ലാല്‍ ചങ്ങലയില്‍ തൂങ്ങി വന്നപ്പോള്‍ ഫയര്‍ ഇഫക്ടുകാരന്റെ ടൈമിങ് തെറ്റി തീഗോളം മുഖത്തിന് നേരേ വന്നു. അതുകണ്ട് ഞാനും ആന്റണി പെരുമ്പാവൂരും അയ്യോ എന്ന് ആര്‍ത്തുവിളിച്ചു. ലാല്‍ പെട്ടെന്ന് മുഖം താഴ്ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.

    ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

    സിനിമയുടെ രണ്ടാം പകുതി എഴുതിയപ്പോഴാണ് ഇതില്‍ ഇന്ദുചൂഡനെ രക്ഷിക്കാനെത്തുന്ന അഡ്വ. നന്ദഗോപാലമാരാര്‍ എന്ന ശക്തനായ കഥാപാത്രം വരുന്നത്. ആ കഥാപാത്രത്തിലേക്ക് സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെയും ചിന്തിച്ചു. ഒടുവിലാണ് മമ്മൂട്ടിയില്‍ എത്തിയത്. ''ഞാന്‍ ഇത് ചെയ്താല്‍ നിങ്ങള്‍ എനിക്കെന്ത് തരും'' കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചോദിച്ചു.''ഞങ്ങള്‍ ഒരു പടം ചെയ്ത് തരാം'' ഞാന്‍ പറഞ്ഞു. അങ്ങനെ മമ്മൂക്ക അഡ്വ. നന്ദഗോപാലമാരാര്‍ എന്ന കഥാപാത്രമാകാന്‍ സമ്മതിച്ചു. അതിനു പിന്നാലെ വല്ല്യേട്ടന്‍ എന്ന കഥാപാത്രം സമ്മാനിച്ചാണ് ഞങ്ങള്‍ മമ്മൂക്കയ്ക്ക് കൊടുത്ത വാക്ക് പാലിച്ചത്.

    English summary
    Shaji Kailas Again Talks About Narasimham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X