പൃഥ്വിയും ഞാനും ഒന്നിക്കുന്ന സിനിമയിലേത് സാങ്കല്‍പ്പിക കഥാപാത്രം! ജോസിന്റെ ജീവിതവുമായി ബന്ധമില്ല:
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവയുടെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. സിംഹാസനം എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായികുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിനായി ജിനു എബ്രഹാമാണ് തിരക്കഥ എഴുതിയിരുന്നത്.
പൃഥ്വിരാജ് ചിത്രത്തിന് പിന്നാലെയാണ് കടുവാക്കുന്നേല്‍ കുറുവച്ചനായുളള സുരേഷ് ഗോപിയുടെ 250ാമത് ചിത്രം പ്രഖ്യാപിച്ചത്. നവാഗതനായ മാത്യൂ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ടോമിച്ചന്റെ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും മോഷന്‍ പോസ്റ്ററും ഇറങ്ങിയതിന് പിന്നാലെയാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നത്.

തങ്ങളുടെ സിനിമയുമായി സുരേഷ് ഗോപി ചിത്രത്തിന് സാമ്യമുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് ജിനുവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് വന്നിരുന്നു. പിന്നാലെയാണ് കടുവയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുളള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഇതിനിടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ താനെഴുതിയ കഥാപാത്രമാണെന്ന് പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്ന വേളയിലാണ് പാലാ ഇടമറ്റം സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികരണം വന്നത്. തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലോ, സുരേഷ് ഗോപിയോ മതിയെന്നും പൃഥ്വിരാജ് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ അനുമതിയില്ലാതെ തന്റെ ജീവിത കഥ സിനിമയാക്കാന്‍ അനുവദിക്കില്ലെന്നും കുറുവച്ചന്‍ അറിയിച്ചിരുന്നു.
Recommended Video

പിന്നാലെ തന്റെ സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. നായകനാവുന്ന പൃഥ്വിരാജും താനും മാത്രമേ കടുവയുടെ തിരക്കഥ വായിച്ചിട്ടുളളൂവെന്നും അതിന്റെ ഉളളടക്കം അറിയാത്തവരാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എനിക്ക് കുരുവിനാക്കുന്നേല്‍ ജോസിനെ അറിയാം. അദ്ദേഹത്തിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരു സിനിമ ഒരുക്കുന്ന കാര്യം രണ്‍ജി പണിക്കരും ഞാനും കൂടി ആലോചിച്ചിരുന്നു. പക്ഷേ ജിനു എബ്രഹാമിന്റെ തിരക്കഥ പൂര്‍ണമായും വ്യത്യസ്തമായ ഒന്നാണ്. യുവാവായ ഒരു പ്ലാന്ററുടെ കഥയാണ് കടുവ. ജോസിന്റെ ജീവിതവുമായി അതിന് ബന്ധമേതുമില്ല. ഷാജി കെെലാസ് പറയുന്നു.

മറ്റൊരു സംവിധായകന് വേണ്ടിയാണ് ജിനു എബ്രഹാം ഈ തിരക്കഥ എഴുതിയത്. പക്ഷേ ആ പ്രോജക്ട് നടക്കാതെ പോയതിനാല്‍ ജിനു എന്നെ സമീപിക്കുകയായിരുന്നു. കുരുവിനാക്കുന്നോല്‍ കുറുവച്ചനെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് 1999ല്‍ പുറത്തെത്തിയ എഫ് ഐആറിന്റെ ചിത്രീകരണത്തിനിടെയാണെന്നും ഷാജി കൈലാസ് പറയുന്നു. ലൊക്കേഷന് വേണ്ടിയുളള അന്വേഷണത്തിനിടെ ഒരു സുഹൃത്താണ് എന്നെ ജോസിന്റെ വീട്ടില്‍ എത്തിച്ചത്.

എനിക്ക് ആ വീടും അദ്ദേഹത്തെയും ഇഷ്ടമായി, ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. മറ്റു ചില ലൊക്കേഷനുകളിലേക്ക് അദ്ദേഹവും മകനും കൂടിയാണ് ഞങ്ങളെ അന്ന് കൊണ്ടുപോയത്. ഇങ്ങനെയൊരാളെ പരിചയപ്പെട്ട കാര്യം രണ്‍ജിയോട് പറഞ്ഞപ്പോള്‍ കുറുവച്ചനെ അദ്ദേഹത്തിന് നേരത്തെ അറിയാമെന്ന് കരുതുന്നു. ഈ കഥാപാത്രത്തെ വെച്ചൊരു സിനിമ ചെയ്താല്‍ നന്നാവുമെന്ന് തോന്നി. രണ്‍ജിയും മോഹന്‍ലാലുമൊത്ത് ഒരു പ്രോജക്ട് അനൗണ്‍സ് ചെയ്തതിരുന്നു. പക്ഷേ അതുമായി ബന്ധമില്ലാത്ത സിനിമയാണ് കടുവ. ഇതു സംബന്ധിച്ച് നിയമപരമായ എന്ത് നടപടി സ്വീകരിക്കാനും ജോസിന് സ്വാതന്ത്ര്യമുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു.


Click it and Unblock the Notifications