സിബി മലയിലിന് വ്യത്യസ്തമായ പിറന്നാളാശംസ നേര്‍ന്ന് ഷാജി പട്ടിക്കര! കുറിപ്പ് വൈറലാവുന്നു
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സിബി മലയില്‍. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. മെയ് 2ന് പിറന്നാളാഘോഷിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഷാജി പട്ടിക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആശംസ നേര്‍ന്നത്.
പ്രിയപ്പെട്ട സിബിസാർ, പ്രിയപ്പെട്ട സിബിമലയിൽ സാറിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ ! അദ്ദേഹത്തിന്റെ മുഴുവൻ സിനിമകളുടെയും പേരുകൾ കൂട്ടിയിണക്കി വാചകങ്ങളാക്കി നോക്കിയതാണെന്ന് പറഞ്ഞായിരുന്നു ഷാജി പട്ടിക്കരയുടെ കുറിപ്പ് തുടങ്ങുന്നത്.
സിബി മലയിലിന്റെ സിനിമകളുടെ പേരുകള്‍ ചേര്‍ത്തൊരുക്കിയാണ് ഷാജി പട്ടിക്കര ആശംസ നേര്‍ന്നത്. വ്യത്യസ്തമായ ആശംസ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിനെക്കുറിച്ച് വാചാലനായാണ് ഷാജി പട്ടിക്കര എത്തിയത്.

മലയാള സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച് സംവിധാന രംഗത്ത് കിരീടവും ചെങ്കോലുമേന്തി ഹിറ്റുകളുടെ തനിയാവർത്തനങ്ങളിലൂടെ വിജയങ്ങളുടെ പരമ്പര സൃഷ്ടിച്ച, ബത്ത്ലഹേമിലെ സമ്മറിൽ പോലും പ്രണയവർണ്ണങ്ങളുടെ ജലോത്സവം തീർത്ത, രാരീരം പാടിയ മുത്താരം കുന്നില എന്റെ വീട് അപ്പൂന്റേം എന്ന കളി വീട്ടിൽ കാണാക്കിനാവിൽ ഒരു ഫ്ലാഷ് പോലെ നീ വരുവോളം കമലദളം വിരിയിച്ച, വണ്ടർലാന്റിലെത്തിയ ആലീസിനെപ്പോലെ ആയിരത്തിലൊരുവനായ വിചാരണ നേരിടാത്ത ഉസ്താദ്.
അക്ഷരങ്ങളുടെ എഴുതാപ്പുറങ്ങൾക്കപ്പുറം ചേക്കേറാൻ ഒരു ചില്ല കൊതിച്ചവർക്ക്
ഭരതത്തിലൂടെ സാന്ത്വനത്തിന്റെ അമൃതം നൽകിയ, ധനത്തിന് വേണ്ടി ദൂരെ ദൂരെ ഒരു കൂടു കൂട്ടാൻ വളയം തിരിച്ചവർക്ക് ഉന്നം തെറ്റാതെ ആകാശദൂതുമായെത്തിയ
ദേവദൂതന് ദശരഥത്തിൽ ഹിസ് ഹൈനസ് അബ്ദുള്ളയുടെ അഭിനന്ദനങ്ങളുടെ മാലയോഗത്തിൽ സിന്ദൂരരേഖ ചാർത്തിയ സാഗരം സാക്ഷിയായി
ആഗസ്ത് 1 ന് വയലിനിൽ സദയം സൈഗാൾ പാടുമ്പോൾ പീലിവിടർത്തിയാടുന മായാമയൂരങ്ങളോട് കിസാനായ മലയാളിക്ക് തങ്ങളുടെ വീട്ടിലെ അതിഥികളെപ്പോലെ
ഇഷ്ടം, ആശംസകളോടെ, ഷാജി പട്ടിക്കര. ഇതായിരുന്നു കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് കീഴിലായി പ്രിയ സംവിധായകന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.


Click it and Unblock the Notifications











