ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഷാജി കൈലാസ് പിന്‍മാറി
മോഹന്‍ലാലിനെ നായകനാക്കി ടി. സുരേഷ് ബാബു ഒരുക്കാനിരുന്ന കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന ചിത്രത്തില്‍ നിന്നും ലാല്‍ ഏകപക്ഷീയമായി പിന്‍മാറിയത് മലയാള സിനിമാ രംഗത്ത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു.
ലാലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമെന്നാണ് ഈ പിന്‍മാറ്റം വിശേഷിപ്പിക്കപ്പെട്ടത്. സ്ഥിരം ചേരുവകളുള്ള ചിത്രം തനിയ്‌ക്ക് ഗുണത്തിനു പകരം ചിലപ്പോള്‍ ദോഷമാകുമെന്ന ലാലിന്റെ തിരിച്ചറിവായും അത് വ്യഖ്യാനിയ്‌ക്കപ്പെട്ടു.
എന്നാലിപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസും പിന്‍മാറിയിരിക്കുന്നു. സിനിമാ രംഗത്തെ സുഹൃദ് ബന്ധങ്ങളെ മാനിച്ചു കൊണ്ടാണ് ഷാജി ലാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.
ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിച്ച ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തിന്റെ സംവിധാന ചുമതലയില്‍ നിന്നാണ് ഷാജി ഒഴിഞ്ഞത്.
ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്‌തത് കെ. മധുവായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഷാജി കൈലാസ് സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ട മധു ഷാജിയോട് ഇക്കാര്യമന്വേഷിച്ചിരുന്നു.
മുമ്പ് മറ്റൊരാള്‍ ചെയ്‌ത ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ ചെയ്യുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കിയ ഷാജി പദ്ധതിയില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു.
മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യാന്‍ അര്‍ഹനെന്നും ഷാജി നിര്‍മ്മാതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications