»   » ഷക്കീല വിവാഹിതയാകാന്‍ പോകുന്നു

ഷക്കീല വിവാഹിതയാകാന്‍ പോകുന്നു

Posted By:
Subscribe to Filmibeat Malayalam
ജീവിതത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് ഷക്കീല. കിന്നാരത്തുമ്പികളിലൂടെ മലയാള സിനിമയുടെ നെടുംതൂണായിരുന്ന ഷക്കീല ഇപ്പോള്‍ സംവിധായികയാണ്. അതിലുപരി ഷക്കീല തേടുന്നത് ജീവിതപങ്കാളിയെയാണ്. അതെ, ഷക്കീല വിവാഹിതയാകാന്‍ ആഗ്രഹിക്കുന്നു. വരനെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല. ഇഷ്ടപ്പെട്ട ആളെ കണ്ടെത്തിയാല്‍ വിവാഹിതയാകും.

നീലക്കുറിഞ്ഞിപൂത്തപ്പോള്‍ എന്ന മലയാള സിനിമ സംവിധാനം ചെയ്യുകയാണ് ഷക്കീല. സംവിധായിക ആകാന്‍ എന്ത് യോഗ്യത എന്നചോദ്യത്തിന് ഷക്കീലയ്ക്ക് മറുപടിയുണ്ട്- ഏകദേശം മുന്നൂറ്റിയമ്പതോളം ചിത്രങ്ങങളില്‍ അഭിനയിച്ചു. അതുതന്നെ യോഗ്യത.
ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ് ഷക്കീലയെ സംവിധാന രംഗത്തേക്കു കൊണ്ടുവരുന്നത്. മലയാളത്തിലെ നീലതരംഗം അവസാനിച്ചതോടെ ഏറെക്കുറെ സിനിമയൊന്നുമില്ലാതെ ജീവിക്കുകയായിരുന്ന ഷക്കീലയെ ക്യാമറുടെ പിന്നിലേക്കു കൊണ്ടുവരുന്നത് ജാഫറാണ്.

കഥയും തിരക്കഥയുമൊക്കെ തയ്യാറാക്കി അദ്ദേഹം ഷക്കീലയോട് സംവിധാനം ചെയ്യുന്നോ എന്നു ചോദിച്ചു. ഉടന്‍ ഷക്കീല ഏല്‍ക്കുകയും ചെയ്തു. ഷക്കീല സംവിധാനം ചെയ്യുന്ന ചിത്രം വിജയിക്കുമെന്ന കാര്യത്തില്‍ ജാഫറിന് സംശയമൊന്നുമില്ല. കാരണം സംവിധായിക ഷക്കീലയായതുകൊണ്ടുതന്നെ. മലയാളത്തില്‍ ഒരു നടിക്കും കിട്ടാത്ത പ്രശസ്തിയാണ് ഷക്കീലയ്്ക്കു ലഭിച്ചത്. മമ്മൂട്ടി നായകനായ രാക്ഷസരാജാവ് തിയറ്ററിലെത്തുമ്പോള്‍ രാക്ഷസരാജ്ഞി എന്ന പേരില്‍ അതേസമയത്ത് ചിത്രം തിയറ്ററിലെത്തിക്കാന്‍ ധൈര്യം കാണിച്ച നടിയാണ്. എന്നാല്‍ ചിലര്‍ ഇടപെട്ട് രാക്ഷസരാജ്ഞിയുടെ റിലീസിങ്ങ് മാറ്റിവെപ്പിച്ചു. ഇല്ലെങ്കില്‍ തിയറ്ററില്‍ ഹിറ്റാകുന്നത് രാജ്ഞിയാകുമായിരുന്നു.

സംവിധാനം മാത്രമല്ല ഷക്കീല രണ്ടാം ഇന്നിങ്‌സില്‍ ചെയ്യുന്നത്. ഇരട്ട റോളില്‍ അഭിനയിക്കുന്നുമുണ്ട്. ഒരു മുക്കുവസ്ത്രീയായും മറ്റൊരു ശ്രദ്ധേയ വേഷത്തിലും. ഏതെങ്കിലും ഒരു റോളില്‍ പ്രതീക്ഷയര്‍പ്പിച്ചായിരിക്കും ജനം തിയറ്ററിലെത്തുക. മുക്കുവസ്ത്രീയല്ലെങ്കില്‍ മറ്റൊരു വേഷം. രണ്ടിലേതെങ്കിലുമൊന്നില്‍ ഷക്കീല പഴയ പ്രതാപം കാണിക്കുമെന്ന പ്രതീക്ഷയോടെയെത്തുന്നവരിലാണ് ചിത്രത്തിന്റെ നിര്‍മാതാവിന്റെ നോട്ടം.

ആ പ്രതീക്ഷയോടെ തിയറ്ററിലെത്തേണ്ട എന്ന് ഷക്കീല തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എത്ര പണം നല്‍കാമെന്നു പറഞ്ഞാലും ഇനി അത്തരം വേഷം ചെയ്യില്ല. മുന്‍ ഇമേജ് മാറ്റിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷക്കീല ആണയിടുന്നു. എന്നാലും ആളുകള്‍ തിയറ്ററിലെത്തും. സലിംകുമാര്‍ പറഞ്ഞതുപോലെ ''ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ?''

English summary
Shakeela, who was the star of B-grade super hit Malayalam films, is back but says that she is here to direct and not to act in movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam