ഇടവേള ബാബുവിന്റെ പരാമര്‍ശം നടിയെ ഉദ്ദേശിച്ചല്ലെന്നാണ് തോന്നുന്നത്;തെളിവൊന്നുമില്ലെന്ന് ഷമ്മി തിലകന്‍
നടി ഭാവനയെ കുറിച്ചുള്ള ചോദ്യത്തിന് ഇടവേള ബാബു പറഞ്ഞ മറുപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. താരസംഘടനയായ അമ്മ ഒരുക്കാന്‍ പോകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവന അഭിനയിക്കുമോ എന്ന ചോദ്യത്തിന് മരിച്ചു പോയവര്‍ അഭിനയിക്കാന്‍ വരില്ലാത്തത് പോലെയാണ് അമ്മയില്‍ നിന്ന് പുറത്ത് പോയവര്‍ എന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം.
ഇടവേള ബാബുവിന്റെ മരിച്ച് പോയ എന്ന പരാമര്‍ശം നടിയെ ഉദ്ദേശിച്ചല്ല, തിലകനെ ഉദ്ദേശിച്ചാണെന്ന് പറയുകയാണ് ഷമ്മി തിലകന്‍. എന്റെ ഒരു തോന്നലാണത് അത് പ്രൂവ് ചെയ്യാനായി എന്റെ കയ്യില്‍ തെളിവൊന്നുമില്ല. യഥാര്‍ഥത്തില്‍ പാര്‍വതിയല്ല രാജി വയ്‌ക്കേണ്ടത് ഇടവേള ബാബുവും ഇന്നസെന്റുമാണെന്നും ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഷമ്മി തിലകന്‍ പറയുന്നു.

'ഇടവേള ബാബു ആ അഭിമുഖത്തില്‍ മരിച്ചു പോയി എന്ന് നടത്തിയ പരാമര്‍ശം ആ നടിയെ ഉദ്ദേശിച്ചല്ല. തിലകനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു തോന്നലാണത്. അത് പ്രൂവ് ചെയ്യാനായി എന്റെ കയ്യില്‍ തെളിവൊന്നുമില്ല. 2018 ആഗസ്റ്റ് എട്ടാം തിയതി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ് നടന്നിരുന്നു. ഞാന്‍ ഒരു പ്രത്യേക ക്ഷണിതാവായി പോയ മീറ്റിങ്ങായിരുന്നു അത്.
ഞാന്‍ അച്ഛന്റെ വിഷയത്തില്‍ സംഘടനയ്ക്ക് കൊടുത്തൊരു കത്തിന്റെ പേരിലാണ് എന്നെ വിളിക്കുന്നത്. മോഹന്‍ലാല്‍ എന്റെ ഫോണിലേക്ക് പ്രത്യേകം വിളിക്കുകയായിരുന്നു അന്ന്. മീറ്റിങ്ങില്‍ ഞാന്‍ ഏകദേശം 45 മിനിറ്റോളം സംസാരിച്ചു. മോഹന്‍ലാല്‍ അന്ന് വളരെയധികം അച്ഛന് വേണ്ടി സംസാരിച്ചു. നടി ശ്വേതാ മേനോന്‍, നടന്‍ ജോയ് മാത്യു എന്നിവരും അച്ഛനെ തിരിച്ച് എടുക്കണം എന്ന് ആവശ്യപ്പെട്ടു.

തിലകനെ തിരിച്ചെടുക്കണം എന്ന് അദ്ദേഹം മരിക്കുന്നതിന് മുന്‍പ് ഞാന്‍ ആവശ്യപ്പെട്ടതാണ്. മരിച്ചതിന് ശേഷം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് ഞാന്‍ ആവിശ്യപെട്ടിട്ടില്ല. അദ്ദേഹത്തെ പുറത്താക്കിയതിന് സംഘടന പ്രായശ്ചിത്തം ചെയ്യണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അപ്പോള്‍ മരിച്ചുപോയൊരാളെ എങ്ങനെയാണ് തിരിച്ച് സംഘടനയില്‍ എടുക്കും എന്നുള്ളതായിരുന്നു അന്നും ഇടവേള ബാബുവിന്റെ സംശയം. അതുകൊണ്ട് തന്നെ ഇടവേള ബാബു മരിച്ചുപോയ ഒരാളെ എന്ന് പറഞ്ഞത് തിലകനില്‍ നിന്നും ഭാവനയിലേക്ക് മാറി പോയതാവാം എന്നാണ് എനിക്ക് തോന്നുന്നത്.
Recommended Video
മരിച്ചുപോയ ആ വ്യക്തിയെ വെറുതെ വിട്ടേക്ക്. അങ്ങേയറ്റം ദ്രോഹം അദ്ദേഹത്തോട് അവര്‍ ചെയ്തിട്ടുണ്ട്. ഇനിയും എന്തിന് എന്ന ചോദ്യമാണ് എന്റെ മുന്നിലുള്ളത്. സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. ഞാന്‍ പൊട്ടിത്തെറിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. അതേ, എനിക്ക് പറയാനുള്ളൂ' എന്നും ഷമ്മി തിലകന്‍ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











