പ്രശ്‌നങ്ങള്‍ തീരുന്നു, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ നിഗം
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ള തീരുമാനം താരം അറിയിച്ചത്. മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനും ഷെയ്ന്‍ നിഗം സന്നദ്ധത അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ നടന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് നിങ്ങുമെന്നാണ് സൂചന. സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള ഷെയ്‌ന്റെ തീരുമാനം അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ ഉടന്‍ അറിയിക്കും. പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പായെന്നാണ് യോഗത്തിന് ശേഷം മോഹന്‍ലാൽ പ്രതികരിച്ചു.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ആരംഭിക്കാതിരുന്നതും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങിയതും മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍മ്മാതാക്കളും നടനും തമ്മിലെ പ്രശ്‌നം സങ്കീര്‍ണമായതിനെ തുടര്‍ന്ന് അമ്മയും ഫെഫ്കയും അടക്കമുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു; ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഈ സംഭവവികാസങ്ങള്‍ക്കിടെ നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് ഷെയ്ന്‍ നിഗം വിശേഷിപ്പിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
നേരത്തെ, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ജനുവരി ആറാം തീയതി വരെ നിര്‍മ്മാതാക്കള്‍ സമയപരിധി നല്‍കിയിരുന്നു. പക്ഷെ നിര്‍മ്മാതാക്കളുടെ ആവശ്യം നടന്‍ തള്ളുകയാണുണ്ടായത്. എന്തായാലും ഉല്ലാസം സിനിമയുടെ ഡബ്ബിംഗും മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് അറിയിച്ച സ്ഥിതിക്ക് ഷെയ്ന്‍ നിഗത്തിന് എതിരായ നിലപാട് നിര്‍മ്മാതാക്കള്‍ മയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.


Click it and Unblock the Notifications