ഖുര്‍ബാനിയുമായി ഷെയ്ന്‍ നിഗത്തിന്റെ വരവ്! നായികയായി ദേവിക! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. കൈനിറയെ ചിത്രങ്ങളാണ് യുവതാരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഷെയ്‌നിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് ഖുര്‍ബാനി. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
നവാഗതനായ ജിയോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാ സുബൈര്‍ സിനിമ നിര്‍മ്മിക്കുന്നു. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് നായികയാവുന്ന ചിത്രത്തില്‍ ചാരുഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് എഡിറ്റിങ് ചെയ്യുന്നത് ദിലീപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം. ചിത്രത്തിന്റെ സ്റ്റില്‍സ് ഷിബുക്കുട്ടനും കോസ്റ്റ്യൂംസ് അക്ഷയയും കൈകാര്യം ചെയ്യുന്നു. ഖുര്‍ബാനിയുടെ സ്വിച്ച് ഓണ്‍ ജൂലൈ 15 (നാളെ) രാവിലെ 9.30 ക്ക് ഇടപ്പള്ളി ചര്‍ച്ചില്‍ വെച്ചാണ് നടക്കുന്നത്.



Click it and Unblock the Notifications