ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല! നിര്‍മ്മാതാക്കളുടെ ഉപാധി തളളി ഷെയ്ന്‍ നിഗം
ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുളള പ്രശ്‌നം കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ചുളള നടന്‍റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കിയത്. തുടര്‍ന്ന് മനോരോഗി പരാമര്‍ശനത്തിന് മാപ്പ് പറഞ്ഞുകൊണ്ട് ഷെയ്ന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തുകൊണ്ട് താരസംഘടന അമ്മയും വീണ്ടും രംഗത്തെത്തി.
ഷെയ്ന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍ തിയ്യേറ്ററുകളില്‍ എത്തിയ ശേഷമാണ് രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വീണ്ടും കളമൊരുങ്ങിയത്. കഴിഞ്ഞ ദിവസം വിലക്ക് നീക്കാനുളള ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് ഉപാധികള്‍ വെച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

അവസാന ഘട്ട ജോലികള്‍ മുടങ്ങിയ ഉല്ലാസത്തിന്റെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സംഘടന നടനോട് ആവശ്യപ്പെട്ടത്. ഡബ്ബിംഗ് പറഞ്ഞ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി തുടര്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വൃക്തമാക്കിയിരുന്നു. അസോസിയേഷന്റെ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നുളള തീരുമാനം വന്നത്.

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ചര്‍ച്ചകള്‍ മതിയെന്നും സംഘടന അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ നിര്‍മ്മാതാക്കളുടെ ആവശ്യം തളളി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. നാളെയ്ക്കകം ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് നടന്‍ അറിയിച്ചിരിക്കുന്നത്.

പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുളളു എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒന്‍പതിന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

നേരത്തെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 19ാം തിയ്യതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്ത് അയച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുളളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.


Click it and Unblock the Notifications











