എനിക്ക് പറയാനുള്ളത് ആരും കേട്ടില്ല! അമ്മ ഒപ്പമുണ്ടാവുമെന്ന് പ്രതീക്ഷ! വിലക്കിനെക്കുറിച്ച് ഷെയ്ന്‍
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഷെയ്ന്‍ നിഗം. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപുത്രന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. വെയില്‍, ഖുര്‍ബാനി ഈ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും 7 കോടിയോളം രൂപയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നും അവര്‍ പറഞ്ഞിരുന്നു. ആ നഷ്ടം നികത്തുന്നത് വരെ ഷെയ്ന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തങ്ങളെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു രണ്ട് ദിവസം മുന്‍പ് വരെയുള്ള ചര്‍ച്ചകളില്‍ തീരുമാനിച്ചതെന്ന് ഷെയ്ന്‍ പറയുന്നു.
ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവരായിരുന്നു തങ്ങളോട് ഇതേക്കുറിച്ച് സംസാരിച്ചത്. വിലക്കുണ്ടാവില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതേക്കുറിച്ച് മാധ്യമങ്ങളുമായി പ്രതികരിക്കരുതെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. സംസാരിക്കില്ലെന്നുള്ള ഉറപ്പും അവര്‍ എഴുതി വാങ്ങിയിരുന്നു. അതുകൊണ്ടാണ് ഇതുവരെയും സംസാരിക്കാതിരുന്നതെന്നും താരപുത്രന്‍ പറയുന്നു.ലൈവ് വീഡിയോയില്‍ വന്നോ ഇന്‍സ്റ്റഗ്രാമിലൂടെയോ പ്രതികരിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. അതിനാലാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തത്.

ഷെയ്ന്‍റെ പ്രതികരണം
വിലക്ക് വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഷെയ്ന്‍ നിഗം ഇതേക്കുറിച്ച് പ്രതികരിച്ചത്. ദി ക്യൂവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. തനിക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നും തന്നോട് വിലക്കിനെ കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല. വിലക്കുണ്ടാകില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും ഷെയ്ന്‍ പറയുന്നു.

മുടി വെട്ടിയത് പ്രതിഷേധത്തിന്‍റെ ഭാഗം
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർമ്മാതാക്കൾ തന്നോട് ആവശ്യപ്പെട്ടെന്നും ഷെയ്ൻ പറഞ്ഞു.'വെയിലി'ലും 'ഖുർബാന'യിലും താൻ അഭിനയിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. മുടി വെട്ടിയ ലുക്കിൽ തന്നെ സിനിമ ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ തന്നോട് പറഞ്ഞിട്ടുമുണ്ട്. മുടി വെട്ടിയത് തന്റെ പ്രതിഷേധമാണെന്നും താരം വ്യക്തമാക്കി.

സഹികെട്ടപ്പോള്‍ ഇറങ്ങിപ്പോന്നു
അമ്മയിലെ അംഗങ്ങൾ തന്നെ പിന്തുണക്കുമെന്നാണ് വിശ്വസിക്കുന്നത്. ‘വെയിൽ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തിൽ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനിൽ നിന്ന് പോയത്- ഷെയിൻ പറഞ്ഞു. പുതിയ സിനിമയായ വലിയ പെരുന്നാൾ തീയേറ്റർ കാണിക്കില്ലെന്ന് വരെ അവർ ഭീഷണിപ്പെടുത്തി.

സിനിമയില്‍ തുടരും
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതിൽ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ൻ പറയുന്നു. ഇന്നലെ രാത്രി വരെ നിർമാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈർ, സിയാദ് കോക്കർ എന്നിവര്‍ പറഞ്ഞത് പ്രശ്‌നം തീർക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നൽകിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും.- ഷെയ്ൻ പറഞ്ഞു.


Click it and Unblock the Notifications