ഷെെൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടന് പരിക്ക്
നടൻ ഷെെൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷെെൻ ടോമും കുടുംബവും സഞ്ചരിച്ച കാർ ബംഗ്ളൂരുവിന് അടുത്ത് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം-ബംഗ്ളൂരു ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഷെെൻ ടോമിന് പരിക്ക് പറ്റിയിട്ടുണ്ട്. ഷെെനിന്റെ അമ്മയ്ക്കും പരിക്കുണ്ട്. ഷെെൻ ടോമും മാതാപിതാക്കളും സഹോദരനും ഡ്രെെവറുമാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ പോയ ലോറിയിൽ കാറിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടമുണ്ടായ ഉടനെ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെെനിന്റെ പിതാവ് മരിച്ചു. പരിക്കേറ്റവർ പാൽക്കോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാദങ്ങൾ വന്നപ്പോഴെല്ലാം ഷെെൻ ടോമിന് വേണ്ടി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയാണ് പിതാവ് സിപി ചാക്കോ. മകൻ ലഹരിക്കേസിൽ അകപ്പെട്ടപ്പോൾ ഷെെൻ ചതിക്കപ്പെട്ടതാണെന്ന് പിതാവ് പറഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും സാമീപ്യം തന്നെ ലഹരിയിൽ നിന്ന് അകറ്റിയെന്നും തന്റെ തെറ്റുകൾ മനസിലാക്കുന്നെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷെെൻ ടോം ചാക്കോ പറഞ്ഞിരുന്നു. പുതിയ ചിത്രം ദ പ്രൊട്ടക്ടറിന്റെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഷെെൻ ടോം ചാക്കോ.

ഷെെൻ ടോമിന്റെ കരിയറിലെ കാര്യങ്ങളും നോക്കിയിരുന്നത് പിതാവായിരുന്നു. അച്ഛനെയും അമ്മയെയും കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ ഷെെൻ ടോം ചാക്കോ സംസാരിച്ചിരുന്നു. അച്ഛനും അമ്മയും തന്നോട് ക്ഷമിച്ച പോലെ മറ്റാരും ക്ഷമിച്ചിട്ടില്ലെന്നും അവർക്ക് വേണ്ടിയാണ് താൻ ലഹരി ഉപേക്ഷിക്കുന്നതെന്നും ഷെെൻ പറയുകയുണ്ടായി. വലിയിൽ നിന്നും തനിക്ക് ആനന്ദം ഉണ്ടാകും. എന്നാൽ വീട്ടുകാർക്ക് ബുദ്ധിമുട്ടാണ്. അവരുടെ സ്വസ്ഥത പോകുന്നു. അച്ഛനും അമ്മയ്ക്കും പ്രായമായെന്ന് ഇപ്പോൾ താൻ മനസിലാക്കുന്നെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞിരുന്നു.
ഡി അഡിക്ഷൻ സെന്ററിലായിരുന്ന ഷെെൻ ലഹരി ഉപയോഗം നിർത്തിയെന്ന് അഭിമുഖങ്ങളിൽ വ്യക്തമാക്കിയതാണ്. ഇതിലേറെ സന്തോഷിച്ചയാളായിരുന്നു സിപി ചാക്കോ. ലഹരിക്കേസിൽ അന്വേഷണ സംഘം ഷെെൻ ടോമിനെ ചോദ്യം ചെയ്തത് ഈയടുത്ത് വലിയ വാർത്തയായിരുന്നു. അന്നും ഷെെനിനെ സിപി ചാക്കോ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിപ്പറഞ്ഞിരുന്നില്ല. ഇതിനിടെ നടി വിൻസി അലോഷ്യസ് ഷെെൻ മോശമായി സംസാരിച്ചു എന്നാരോപിച്ച് സിനിമാ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. പിന്നീട് ചർച്ച നടത്തി ഈ പ്രശ്നം പരിഹരിച്ചു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷെെൻ ടോം ചാക്കോ മോശമായി സംസാരിച്ചു എന്നായിരുന്നു വിൻസിയുടെ പരാതി.


Click it and Unblock the Notifications