വിനീത് ശ്രീനിവാസന്റെ ' ഓര്‍മ്മയുണ്ടോ ഈ മുഖം '
വിനീത് ശ്രീനിവാസനും നമിത പ്രമോദും ജോടികളായി അഭിനയിക്കുന്ന ' ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.. അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പേരിലെ പ്രത്യേകത ഒഴിച്ചുനിര്‍ത്തിയാല്‍ സംഗീതസാന്ദ്രമായൊരു പ്രണയചിത്രമായിരിക്കും ഇത്. സംഗീതത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തീം സോങ് അടക്കം അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുളളത്. ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തിര, തട്ടത്തിന്‍ മറയത്ത് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിനീത് ശ്രീനിവാസനും ഷാനും ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

വിനീത് ശ്രീനിവാസനും നമിത പ്രമോദും ആദ്യമായി താരജോടികളായെത്തുന്ന സിനിമ കൂടിയാണ് ഓര്‍മ്മയുണ്ടോ ഈ മുഖം. മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ട ചിത്രങ്ങളിലൊന്നായ ട്രാഫിക്കില്‍ ഇരുവരും അഭിനയിച്ചിരുന്നെങ്കിലും കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നില്ല. ചിത്രത്തിലൂടെ പഴയകാല നടി ലക്ഷ്മി മികച്ച കഥാപാത്രവുമായി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നുണ്ട്. തമാശക്കാരിയായ അമ്മൂമ്മയുടെ വേഷമാണ് ചിത്രത്തില്‍ ലക്ഷ്മിയ്ക്ക്. അജു വര്‍ഗീസ്, ടി.വി. അവതാരക സൗമ്യ സദാനന്ദന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ആര്‍.ജെ. ക്രിയേഷന്‍സ്, ബ്ലൂ പ്ലാനറ്റ് എന്നിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൊച്ചിയെക്കൂടാതെ ബാഗ്ലൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. നവംബറോടെ ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications