സീരിയലുകളെ അവഗണിക്കാനാവില്ല : ശ്യാമപ്രസാദ്
സീരിയലുകളെ അവഗണിക്കാനാവില്ല : ശ്യാമപ്രസാദ്
ആഗസ്ത് 18, 2000
കൊച്ചി : ടെലിവിഷന്‍ സീരിയലുകള്‍ വായനയെ കൊല്ലുന്നുവെന്ന വിമര്‍ശനം ശരിയല്ലെന്ന് സിനിമ-സീരിയല്‍ സംവിധായകന്‍ ശ്യാമപ്രസാദ്. നല്ല ടെലിവിഷന്‍ പരിപാടികള്‍ നല്ല വായനയിലേക്കും ആസ്വാദകരെ വഴിതിരിച്ചുവിടുന്നുണ്ട്.ശാസ്ത്രത്തിന്റെ പുരോഗതിയാണ് മാനവരാശിക്ക് ടെലിവിഷനെ നല്‍കിയതെന്നും അതില്‍ നിന്നും മുഖം തിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാതൃഭൂമി ടെലിവിഷന് വേണ്ടി നിര്‍മ്മിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ശമനതാളം മെഗാസീരിയലിനെക്കുറിച്ച് വിശദീകരിക്കാന്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാമപ്രസാദ്.
ഞാനൊരു എഴുത്തുകാരനല്ല,സിനിമാസംവിധായകന്‍ മാത്രമാണ്. അതുകൊണ്ടാണ് നല്ല സാഹിത്യസൃഷ്ടികള്‍ക്ക് ചലച്ചിത്രാവിഷ്കാരം നല്‍കാനൊരുങ്ങുന്നത്. കൃതികളോട് നീതി പുലര്‍ത്തിയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്. കൃതിയും സിനിമയും രണ്ടും രണ്ടാണ്. കൃതിയില്‍ നിന്നും ഓരോരുത്തരും വായിച്ചെടുക്കുന്നത് ഒരുപോലെയാകണമെന്നില്ല.-ശ്യാമപ്രസാദ് പറഞ്ഞു.
കെ.രാധാകൃഷ്ണന്റെ ശമനതാളത്തില്‍ നോവലിസ്റ് പ്രകാശിപ്പിക്കാനുദ്ദേശിച്ച ആശയത്തിന്റെ അന്തഃസത്ത സീരിയലിലും നിലനിര്‍ത്തിയിട്ടുണ്ടെന്ന് ശ്യാമപ്രസാദ് പറഞ്ഞു.
സമൂഹത്തെ ആതുരശുശ്രൂഷാരംഗത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുകയും, രോഗത്തെ ചികിത്സിക്കുന്നത് സമൂഹത്തിന്റെ സമീപനമാണെന്നുമുള്ള സന്ദേശം സീരിയല്‍ നല്‍കുന്നു.മലയാളത്തിലെ ആദ്യത്തെ മെഡിക്കല്‍ സീരിയലാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശമനതാളത്തില്‍ പ്രധാന കഥാപാത്രമായ ഡോ.ബാലകൃഷ്ണനെ അവതരിപ്പിക്കുന്നത് ബാലചന്ദ്രമേനോനാണ്. മിനി നായര്‍, ശ്രീജയ, രവി വള്ളത്തോള്‍ എന്നിവരും പ്രധാന റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. അളഗപ്പനും ടി.ജി.ശ്രീകുമാറുമാണ് ഛായാഗ്രാഹകര്‍.52 എപ്പിസോഡുകള്‍ ഉള്ള സീരിയലിന്റെ 22 എപ്പിസോഡുകള്‍ പൂര്‍ത്തിയായി.
ആഗസ്ത് 19 ശനിയാഴ്ച മുതല്‍ ഏഷ്യാനെറ്റില്‍ സീരിയല്‍ സംപ്രേഷണം ചെയ്തു തുടങ്ങും. എല്ലാ ശനിയാഴ്ചയും രാത്രി എട്ടിനാണ് സംപ്രേഷണം.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.മാതൃഭൂമിയുടെ കൊല്ലം, മലപ്പുറം യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം മാതൃഭൂമി ടെലിവിഷന്‍ (എംബിടിവി) തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications











