ജി ഫോര്‍ ഗോള്‍ഡില്‍ സൂപ്പര്‍ വില്ലനായി സിദ്ദിഖ്
രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമായ ജി ഫോര്‍ ഗോള്‍ഡ് ഒരു അടിപൊളി ത്രില്ലറായിരിക്കുമെന്നകാര്യം ഉറപ്പായിരിക്കുകയാണ്. ഇത്തരത്തില്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ത്രില്ലര്‍ ചിത്രങ്ങള്‍ എടുത്തപ്പോഴെല്ലാം അവയില്‍ നായകനൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുമുണ്ടായിരുന്നു. മുണ്ടയ്ക്കല്‍ ശേഖരനും, കൊളപ്പുള്ളി അപ്പനുമെല്ലാം ഇത്തരത്തില്‍ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന വില്ലന്മാരായിരുന്നു. ഇപ്പോള്‍ വീണ്ടും മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹീറോ വേഷം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡിനും നായകനൊപ്പം തന്നെ പിടിച്ചുനില്‍ക്കുന്ന സൂപ്പര്‍ വില്ലനാണ് ഉണ്ടാവുകയെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമുണ്ടെന്ന് തെളിയിച്ച ഒരുപാട് നടന്മാരുണ്ടായിട്ടുണ്ട്. ചിലരെല്ലാം ഇപ്പോഴും ഇത്തരത്തില്‍ മികച്ച വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കോമഡിയും മിമിക്രിയുമായി എത്തി പിന്നീട് സ്വഭാവനടനായും അതുകഴിഞ്ഞ് മികച്ച വില്ലനായും മാറിയ സിദ്ദിഖാണ് രഞ്ജിത്തിന്റെ ചിത്രത്തില്‍ വില്ലനാകുന്നത്.

ജി ഫോര്‍ ഗോള്‍ഡിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ ചിത്രത്തില്‍ സിദ്ദിഖ് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പത്തുവയസ്സിന്റെ വ്യത്യാസമുള്ള രണ്ട് സഹോദരന്മാരായിട്ടായിരിക്കും ചിത്രത്തില്‍ സിദ്ദിഖ് അഭിനയിക്കുക. മികച്ച വില്ലത്തരങ്ങളുള്ള ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും രണ്ടുതരം മേക്കപ്പായിരിക്കുമെന്നും കേള്‍ക്കുന്നു. രണ്ടുപേരും കോമ്പിനേഷന്‍ സീനുകളില്‍ എത്തും എന്നുള്ളതാണ് മറ്റൊരു സവിശേഷത.
ഇതിന് മുമ്പ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകനില്‍ സിദ്ദിഖ് ഇരട്ടവില്ലന്മാരായി എത്തിയിരുന്നു. പക്ഷേ നായകനിലെ രണ്ട് വില്ലന്മാര്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.
27വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഒരുപക്ഷേ സിദ്ദിഖിന് ഏറ്റവും പ്രശംസകള്‍ നേടിക്കൊടുത്തത് വില്ലന്‍ വേഷങ്ങളായിരിക്കും. നായകന് ചിത്രത്തിന് അവസാനം വരെ കടുത്ത തലവേദനയുണ്ടാക്കുന്ന വില്ലന്മാരെയാണ് സിദ്ദിഖ് അവതരിപ്പിച്ചിട്ടുള്ളത്. മികച്ച ചിത്രങ്ങളിലെയും സിദ്ദിഖ് ചെയ്തിട്ടുള്ള വില്ലന്മാര്‍ക്ക് ഒന്നിനൊന്ന് വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഉണ്ടായിരുന്നത്. ഇനി ജി ഫോര്‍ ഗോള്‍ഡിലെ ഇരട്ടവേഷത്തില്‍ സിദ്ദിഖ് എന്തു പുതുമയുമായിട്ടാണ് എത്തുന്നതെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











