»   » രണ്ടാം തവണയും സൈമയുടെ മികച്ച നടി നയന്‍താര തന്നെ, നടന്‍ മോഹന്‍ലാല്‍, നിവിന് എന്ത് കിട്ടി?

രണ്ടാം തവണയും സൈമയുടെ മികച്ച നടി നയന്‍താര തന്നെ, നടന്‍ മോഹന്‍ലാല്‍, നിവിന് എന്ത് കിട്ടി?

Posted By: Rohini
Subscribe to Filmibeat Malayalam

ആറാം സൈമ ഫിലിം പുരസ്‌കാര രാവിനും തയ്യാറായി ഇരിയ്ക്കുകയാണ് അബുദാബി. മലയാളത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച നടിയ്ക്കുള്ള പുരക്‌സാരം സ്വന്തമാക്കുന്നത് നയന്‍താരയാണ്. പുതിയ നിയമം എന്ന ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിലൂടെയാണ് ഇത്തവണ നയന്‍താരയ്ക്ക് പുരസ്‌കാരം. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിലെ അഭിനയത്തിനാണ് പോയവര്‍ഷം നയന്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത്.

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

2017 ലെ സൈമ മികച്ച നടനായി തിരഞ്ഞെടുത്തത് മോഹന്‍ലാലിനെയാണ്. മലയാള സിനിമയില്‍ ചരിത്രം നേട്ടം കൊയ്ത പുലിമുരുകന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ വൈശാഖാണ് മികച്ച സംവിധായകന്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമാണ് പോയ വര്‍ഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

nayan-mohanlal-nivin

മഹേഷിന്റെ പ്രതികാരത്തിലെ ഗാനങ്ങളൊരുക്കിയ ബിജിപാലാണ് മികച്ച സംഗീത സംവിധായകന്‍. ചിത്ര മികച്ച ഗായികയായും സൂരജ് മികച്ച ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. ആക്ഷന്‍ ഹീറോ ബിജുവിലെ 'പൂക്കള്‍ പനിനീര്‍ പൂക്കള്‍' എന്ന ഗാനമെഴുതിയ സന്തോഷ് വര്‍മയാണ് മികച്ച ഗാന രചയിതാവ്.

കലിയിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ജോജു ജോര്‍ജ്ജാണ് മികച്ച ഹാസ്യ നടന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നായകന്റെ അച്ഛനും അമ്മയുമായി എത്തിയ രണ്‍ജി പണിക്കറും ലക്ഷ്മി രാമകൃഷ്ണനുമാണ് മികച്ച സഹ നടീ- നടന്മാര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം നിവിന്‍ പോളിയും (ആക്ഷന്‍ ഹീറോ ബിജു) നടിയ്ക്കുള്ള പുരസ്‌കാരം ആശ ശരത്തും (അനുരാഗ കരിക്കിന്‍ വെള്ളം) നേടുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ അരങ്ങേറ്റം കുറിച്ച രജിഷ വിജയനാണ് മികച്ച പുതുമുഖ നായിക. കിസ്മത്തിലെ നായകന്‍ ഷെയിന്‍ നിഗമാണ് മികച്ച പുതുമുഖ നടന്‍. ഗപ്പി എന്ന ചിത്രം സംവിധാനം ചെയ്ത ജോണ്‍ പോള്‍ ജോര്‍ജ്ജ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

English summary
SIIMA awards: Here's the winners list from Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam