പോലീസുകാരായി വിനയ് ഫോര്‍ട്ടും സിജു വില്‍സണും! വാര്‍ത്തകള്‍ ഇതുവരെയുടെ ട്രെയിലര്‍ പുറത്ത്
പ്രേമം, ഹാപ്പി വെഡ്ഡിംഗ്‌സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. സിജു നായകനായ പുതിയ ചിത്രം വാര്‍ത്തകള്‍ ഇതുവരെ റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിജു വില്‍സണിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തിലെ നായിക.

ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. തൊണ്ണൂറുകളില്‍ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെടുമുടി വേണു, സൈജു കുറുപ്പ്, സിദ്ധിഖ്, സുധീര്‍ കരമന, പി ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, കൈനകരി തങ്കരാജ്, നസീര്‍ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികാ മോഹന്‍, പൗളി വില്‍സണ്‍, മേരി, തേജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
നവംബര്‍ അവസാന വാരമാണ് വാര്‍ത്തകള്‍ ഇതുവരെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലോസണ്‍, പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications