മോഹന്‍ലാലിന്‍റെ വീടായിരുന്നു അന്നും വേദി! എമ്പുരാന്‍ വലിയ വെല്ലുവിളിയെന്നും പൃഥ്വിരാജ്!
മലയാളത്തിലെ തന്നെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങളിലൊന്നായി മാറിയ ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. രണ്ടാം വരവിന്റെ സാധ്യതകളെല്ലാം അവശേഷിപ്പിച്ചായിരുന്നു സിനിമ അവസാനിച്ചത്. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നായിരിക്കും രണ്ടാം ഭാഗമെത്തുന്നതെന്ന ചോദ്യത്തിന് വിരാമമായിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മുരളി ഗോപിയും ഒരുമിച്ചെത്തിയായിരുന്നു എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ലൂസിഫര്‍. ആ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. ലൂസിഫറിന്റെ പ്രഖ്യാപനത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ വെച്ചായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. 2016 ല്‍ ലൂസിഫര്‍ പ്രഖ്യാപിച്ചതും ഇവിടെ വെച്ചായിരുന്നു. ഇതേ നാല്‍വര്‍ സംഘമായിരുന്നു അന്നും ലൂസിഫറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സംവിധായകനായി അദ്ദേഹത്തെ കണ്ടത് ലൂസിഫറിലൂടെയായിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചായിരുന്നു അദ്ദേഹം തുടങ്ങിയത്. മലയാളത്തിന് അസാധ്യമെന്ന് കരുതിയ കാര്യം കൂടിയായിരുന്നു അന്ന് അത്. 30 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. സിനിമയുടെ വാണിജ്യപരമായ കാര്യങ്ങളിലെ മാറ്റത്തെക്കുറിച്ചും താരപുത്രന്‍ വാചാലനായിരുന്നു. ലാലേട്ടന്റെ വീട് എന്നുള്ളതിനേക്കാള്‍ കൂടുതല്‍ ഇത് തന്റെ ഓഫീസാണ് എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. നേരത്തെ ലൂസിഫറിനിടയിലും അതുപോലെയായിരുന്നു. ലാലേട്ടന്റെ കമ്മിറ്റ്‌മെന്‍സ് കഴിഞ്ഞാലേ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ച് ചിന്തിക്കാനാവൂ. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും അദ്ദേഹം എമ്പുരാനിലേക്ക് എത്തുന്നതെന്നും പൃഥ്വി പറയുന്നു. കാസ്റ്റിംഗും തീരുമാനമായിട്ടില്ല. എവിടെ വെച്ചാണ് ചിത്രീകരണമെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Recommended Video
മോഹന്‍ലാലിന് അരികില്‍ നിന്നായിരുന്നു ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷ പൃഥ്വിരാജ് പങ്കുവെച്ചത്. അന്നത്തെപ്പോലെ തന്നെ സിനിമയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും കുറച്ച് വെല്ലുവിളികള്‍ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പ് നടന്ന കഥയും ഇപ്പോള്‍ നടന്ന കാര്യങ്ങളുമൊക്കെ ചേര്‍ത്താണ് സിനിമയൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ലൈവ് വീഡിയോ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications