മീ ടുവിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു! ജീവിതം ആകെ മാറിപ്പോയി! തുറന്നുപറഞ്ഞ് ചിന്മയി
ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയുടെ വെളിപ്പെടുത്തലുകളോടെ ആയിരുന്നു മീ ടു ക്യാംപെയ്ന്‍ തെന്നിന്ത്യയില്‍ സജീവമായി മാറിയിരുന്നത്. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയുളള തുറച്ചുപറച്ചിലുകള്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വൈരമുത്തു ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ചിന്മയി ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന് ചിന്മയിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു.
ഇതിന് പിന്നാലെയായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും ചിന്മയിയെ പുറത്താക്കിയിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘടന അംഗത്വ ഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് അവരെ യൂണിയന്‍ പുറത്താക്കിയിരുന്നത്. സംഭവം വലിയ വിവാദമാകുകയും ചിന്മയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തിരുന്നു.അടുത്തിടെ മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി ഒരഭിമുഖത്തില്‍ ചിന്മയി തുറന്നുപറഞ്ഞിരുന്നു.

മീ ടുവിന് ശേഷം ഉണ്ടായത്
വെളിപ്പെടുത്തലിന് മുന്‍പ് പ്രതിദിനം 15ഓളം ഗാനങ്ങള്‍ താന്‍ പാടാറുണ്ടായിരുന്നുവെന്ന് ചിന്മയി പറയുന്നു. അതില്‍ അഞ്ചെണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതു ഇല്ലാതെയായി ഡബ്ബിംഗ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസായി 5000 രൂപ അടച്ചിരുന്നു. അതിനു ശേഷമാണ് 96,ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളില്‍ അവസരം ലഭിച്ചത്. അന്നൊന്നും ഇങ്ങനെ പറയുകയോ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല. മീ ടുവിന് ശേഷമാണ് ഇങ്ങനെ ഉണ്ടായത്, ചിന്മയി പറയുന്നു.

ഒരുമാസത്തോളം നല്ല അവസരങ്ങള്‍
96നു വേണ്ടി ചിന്മയി പാടിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആലാപനത്തിനു പുറമെ നായികയായ തൃഷയ്ക്ക് ശബ്ദം നല്‍കിയിരുന്നതും ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരുമാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ ചിന്മയി പറഞ്ഞിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണങ്ങള്‍ക്ക് ശേഷം പതിയെ അവസരങ്ങള്‍ കുറഞ്ഞു വരികയായിരുന്നു.

തമിഴില്‍ മാത്രമല്ല ഇങ്ങനെ
തമിഴില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും ചിന്മയി പറയുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കെതി രെ രംഗത്തുവന്ന മലയാളത്തിലെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. വനിതാ കൂട്ടായ്മയിലുളളവരുമായി സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. നിങ്ങള്‍ എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ ഇതായിരിക്കും സംഭവിക്കുകയെന്നാണ് അവര്‍ ഇതിലൂടെ നമ്മളോട് പറയുന്നത്. അഭിമുഖത്തില്‍ ചിന്മയി പറഞ്ഞു.

നിരന്തരം നേരിടേണ്ടി വന്ന ഭീഷണി
വൈരമുത്തുവിനെതിരായ ആരോപണങ്ങള്‍ക്ക് ശേഷം ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ആരെയും ഭയമില്ലെന്നും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് തുറന്നുപറഞ്ഞതെന്നും അന്ന് ചിന്മയി പറഞ്ഞിരുന്നു. തന്റെ ചെറുപ്പകാലത്ത് നേരിട്ട ദുരനുഭവങ്ങളായിരുന്നു അവര്‍ അന്നു പങ്കുവെച്ചിരുന്നത്. അതേസമയം വൈരമുത്തുവിനെതിരെയുളള ആരോപണങ്ങളില്‍ നടിക്ക് നിരന്തരം ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. ആരോപണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ജോലി വരെ നഷ്ടപ്പെട്ടേക്കാം എന്നായിരുന്നു ഭീഷണികള്‍ വന്നിരുന്നത്.

ഡബ്ബ് ചെയ്യാന്‍ സാധിച്ചിരുന്നില്ല
എല്ലാത്തിനുമൊടുവിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ ചിന്മയിക്കെതിരെ നടപടിയെടുത്തിരുന്നത്. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്സ് യൂണിയനില്‍ നിന്നാണ് അവരെ പുറത്താക്കിയിരുന്നത്. സംഘടനയില്‍ നിന്ന് പുറത്താക്കിയതിനാല്‍ ചിന്മയിയ്ക്ക് പിന്നീട് തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. തന്നെ പുറത്താക്കിയ വിവരം സംഘടന അറിയിച്ചിട്ടില്ലെന്നു ചിന്മയി മുന്‍പ് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











