വയറു നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്! മകനെക്കുറിച്ച് ജ്യോത്സനയുടെ കുറിപ്പ്
മകന്റെ ജന്മദിനത്തില്‍ ഗായിക ജ്യോത്സയുടെതായി വന്ന മനോഹര കുറിപ്പ് ശ്രദ്ധേയമാകുന്നു. അഞ്ച് വര്‍ഷം മുന്‍പ് ആശുപത്രിയില്‍ വെച്ച് മകനെ തന്റെ കൈകളില്‍ ലഭിക്കുന്നതു മുതലുളള യാത്രയാണ് ജ്യോത്സന ഓര്‍ത്തെടുത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജ്യോത്സന രാധാകൃഷ്ണന്റെ പുതിയ പോസ്റ്റ് വന്നത്. ജ്യോത്സനയുടെ വാക്കുകളിലേക്ക്: അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.

വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു.
ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക് ലഭിക്കുന്നത് (കൗമാര പ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ. നിന്റെ ജന്മദിനത്തില്‍ എനിക്ക് നിന്നോട് പറയാനുളളത് ഇത്രേയേയുളളൂ. നീ വളരണം. വളര്‍ന്ന് സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിന് വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെതന്നെയുണ്ട്. ജ്യോത്സന കുറിച്ചു.
അതേസമയം ശിവം എന്നാണ് ജ്യോല്‍സനയുടെ മകന്റെ പേര്. 2015 ജൂലൈ ഒമ്പതിനാണ് ജ്യോല്‍സനയുടെയും ഭര്‍ത്താവ് ശ്രീകാന്ത് സുരേന്ദ്രന്റെയും ജീവിതത്തിലേക്ക് മകന്‍ വന്നത്. 2010 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. പിന്നണി ഗായികയായി മലയാളത്തില്‍ ഇപ്പോഴും സജീവമാണ് ജ്യോല്‍സന. കഴിഞ്ഞ വര്‍ഷം ദീപക് ദേവിന്റെ സംഗീതത്തില്‍ പാടിയ ലൂസിഫറിലെ പാട്ട് ജ്യോല്‍സനയുടെതായി തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications