മലയാള സിനിമ രണ്ടുതട്ടിലേക്ക്
ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജുവാര്യര്‍ ചിത്രം മെയ് 16ന് തിയറ്ററിലെത്തുമ്പോള്‍ മലയാള സിനിമ രണ്ടുതട്ടിലേക്കു നീങ്ങുമെന്നു സൂചന. മഞ്ജുവാര്യരെ പിന്‍തുണച്ചുകൊണ്ടൊരു വിഭാഗവും മഞ്ജുവിനെ എതിര്‍ത്തുകൊണ്ടൊരു വിഭാഗവും. അതിനുള്ള സൂചനകള്‍ കണ്ടുതുടങ്ങിയതായി സിനിമയിലുള്ളവര്‍ തന്നെ പറയുന്നു.
മഞ്ജുവാര്യര്‍ വീണ്ടും അഭിനയിക്കുന്നതിനോട് ഭര്‍ത്താവായ ദിലീപിന് താല്‍പര്യമുണ്ടായിരുന്നില്ല. മഞ്ജുവാര്യര്‍ വീണ്ടും അഭിനയിക്കണമെന്നു പറഞ്ഞപ്പോള്‍ പല സംവിധായകരും വലിയ പ്രൊജക്ടുമായി വന്നിരുന്നു. പ്രിയദര്‍ശന്‍ ആയിരുന്നു ആദ്യമായി ഇങ്ങനെയൊരു ശ്രമം നടത്തിയത്. എന്നാല്‍ അതിനെ ദിലീപ് തന്നെ ഇടപെട്ട് ഇല്ലാതാക്കി. പിന്നീട് രഞ്ജിത്തായിരുന്നു പ്രൊജക്ടുമായി വന്നത്.

മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. നിര്‍മാണം ആന്റണി പെരുമ്പാവൂരും. പൃഥ്വിരാജ് ഈചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുമെന്നും പറഞ്ഞിരുന്നു. പല പല കഥകളും ഈ സിനിമയെക്കുറിച്ചു കേട്ടിരുന്നെങ്കിലും കുറച്ചുമാസശേഷം രഞ്ജിത്ത് ഈ പ്രൊജക്ട് ഉപേക്ഷിച്ചു. നല്ല കഥ കിട്ടാത്തതുകൊണ്ടാണെന്നായിരുന്നു കാരണം പറഞ്ഞത്. രഞ്ജിത്ത് ചിത്രത്തിനു ശേഷം ഷൂട്ടിങ് തീരുമാനിച്ചതായിരുന്നു ഹൗ ഓള്‍ഡ് ആര്‍യു. അത് ഉപേക്ഷിച്ചതോടെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഈ ചിത്രം തുടങ്ങി. അതാണിപ്പോള്‍ തിയറ്ററിലെത്തുന്നത്.
ഇതിനിടെയാണ് ദിലീപിന്റെ വിവാദമായ അഭിമുഖം വന്നത്. മഞ്ജുവും താനും ഒരു വര്‍ഷമായി അകന്നാണു കഴിയുന്നതെന്നും ഇനി ഒന്നിക്കില്ലെന്നും. രണ്ടുദിവസം മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ പുതിയ വിവാഹ വാര്‍ത്തയും പരന്നു. അതിനെതിരെ ദിലീപ് പരാതി നല്‍കിയിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് മംമ്ത മോഹന്‍ദാസ് ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് വന്നത്.
മഞ്ജുവാര്യരെ അനുകൂലിക്കുന്ന ധാരാളം പേര്‍ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പ്രചാരണത്തിനായി ഇറങ്ങിയിട്ടുണ്ട്. ഈ ചിത്രം തിയറ്ററില്‍ എത്തുന്നതിനു മുന്‍പു തന്നെ വലിയൊരു പ്രചാരണം നല്‍കാനുള്ള ശ്രമത്തിലാണ് അവര്‍. മിക്ക മാധ്യമങ്ങളിലും അത്തരത്തിലുള്ള വാര്‍ത്തകളും വന്നുകഴിഞ്ഞു. 16ന് ചിത്രം തിയറ്ററിലെത്തി ആദ്യ അഭിപ്രായം പുറത്തുവരുന്നതോടെ ഇരുഭാഗത്തും പുതിയ പുതിയ ആളുകള്‍ എത്തും.


Click it and Unblock the Notifications











