കുമ്പളങ്ങിയിലെ സജിക്ക് ശേഷം കുട്ടാപ്‌സ് ആയി സൗബിന്‍! ജാക്ക് ആന്‍ഡ് ജില്‍ ലൊക്കേഷന്‍ ചിത്രം പുറത്ത്
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഒരിടവേളയ്ക്കു ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് സൗബിന്‍ എത്തുന്നത്.
അടുത്തിടെ സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തില്‍ സൗബിനും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചിരുന്നത്. കുട്ടാപ്‌സ് എന്നാണ് സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ സെറ്റില്‍ നിന്നുളള പുതിയൊരു ചിത്രം സൗബിന്‍ പങ്കുവെച്ചിരുന്നു. സന്തോഷ് ശിവന് നന്ദി അറിയിച്ചുകൊണ്ടാണ് സൗബിന്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുളള ത്രില്ലര്‍ ചിത്രത്തില്‍ കാളിദാസ് ജയറാമും അഭിനയിക്കുന്നുണ്ട്. ആലപ്പുഴയ്ക്കു പുറമെ ലണ്ടനും സിനിമയുടെ പ്രധാന ലൊക്കേഷനാണ്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ജാക്ക് ആന്‍ഡ് ജില്‍ മലയാളത്തിനു പുറമെ തമിഴിലും പുറത്തിറങ്ങിയേക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











