രജിനികാന്തിനൊപ്പം തോളോട് തോൾ ചേർന്ന് സൗബിൻ; കൂലി ട്രൈലെർ ഏറ്റെടുത്ത് പ്രേക്ഷകർ
സൗത്ത് ഇന്ത്യൻ സിനിമ രംഗം ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് കൂലി. രജിനികാന്ത് ആദ്യമായി യുവ സംവിധായകൻ ലോകേഷ് കനഗരാജിനൊപ്പം ഒന്നിക്കുന്ന ആക്ഷൻ ത്രില്ലെർ, അതിന്റെ വ്യത്യസ്തമായ പോസ്റ്ററുകളും, ഗാനങ്ങളും കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ കാത്തിരുന്ന കൂലി ട്രൈലെർ, അടുത്തിടെ നടന്ന താര സമ്പന്നമായ ചടങ്ങിൽ വച്ചാണ് ടീം പുറത്തു വിട്ടത്. ഏറെ പ്രതീക്ഷയുണർത്തുന്ന ട്രൈലെർ പുറത്തിറങ്ങിയപ്പോൾ, നായകൻ രജിനികാന്തിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ്, ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളി താരം സൗബിൻ ഷാഹിർ.
പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ, കൂലിയിലെ 'മോണിക്ക' എന്ന ഗാനരംഗത്തെ പ്രകടനം കൊണ്ട് തന്നെ തമിഴ് സിനിമ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോൾ, ചിത്രത്തിൽ ട്രൈലെർ പുറത്തു വന്നപ്പോൾ, തീർത്തും കിറുക്കനാണെന്ന് തോന്നിപ്പിക്കുന്ന ദയാൽ എന്ന കഥാപാത്രത്തിലൂടെ, പ്രതീക്ഷ ഉയർത്തുകയാണ് താരം. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന രംഗങ്ങളിൽ പോലും, തന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് അമ്പരപ്പിക്കുകയാണ് സൗബിൻ.

കൂലി ട്രൈലെർ ഏറ്റെടുത്ത പ്രേക്ഷകർ, പ്രത്യേകിച്ച് മലയാള സിനിമ പ്രേമികൾ, ഇപ്പോൾ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന ദയാലിനെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ്. "രണ്ട് സ്റ്റൈലുകളുടെ ഏറ്റുമുട്ടൽ! കൂലി ട്രെയിലറിൽ സൂപ്പർസ്റ്റാർ രജനീകാന്ത് സൗബിൻ ഷാഹിറിനെ ആവേശകരമായ ഒരു മുഖാമുഖത്തിൽ കണ്ടുമുട്ടുന്നു. സ്വാഗ്. തീവ്രത. രോമാഞ്ചം," ആവേശത്തോടെ ഒരു പ്രേക്ഷകൻ തന്റെ എക്സ് (ട്വിറ്റർ) പേജിൽ കുറിച്ചു. "ഇതിഹാസ സൂപ്പർ സീനിയർമാർക്കിടയിൽ, ഈ 41 വയസ്സുകാരൻ താൻ പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളും തീർച്ചയായും ഏറ്റെടുക്കും!," മറ്റൊരു സിനിമ പ്രേമി എഴുതി. "സൗബിന്റെ ഒരു അത്യുഗ്രൻ പ്രകടനം വരുന്നുണ്ട് #കൂലി," മറ്റൊരു പ്രേക്ഷകൻ കുറിച്ചു.
അടുത്തിടെ കൂലി ട്രൈലെർ, ഓഡിയോ ലോഞ്ച് പരിപാടിയിൽ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെ, സംവിധായകൻ ലോകേഷ് കനഗരാജ് സൗബിൻ ഷാഹിറിനെ ഏറെ പ്രശംസിച്ച് സംസാരിച്ചിരുന്നു. "ഈ സിനിമ തീയറ്ററിൽ എത്തിക്കഴിഞ്ഞാൽ സൗബിൻ ഷാഹിർ പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമാകും... അദ്ദേഹത്തിന് ചിലപ്പോൾ ചെന്നൈയിലേക്ക് താമസം മാറേണ്ടി വരെ വന്നേക്കാം, കാരണം ആളുകൾ അദ്ദേഹത്തെ വച്ച് സിനിമകൾ ചെയ്യാൻ നോക്കും. അദ്ദേഹം കൂലിയിൽ അവതരിപ്പിക്കുന്ന കഥാപാത്രം അത്രയേറെ ചർച്ച ചെയ്യപ്പെടും," പ്രശസ്ത സംവിധായകൻ പറഞ്ഞു.

മലയാള സിനിമ പ്രേക്ഷകർക്ക് ഒരു നടനെന്ന നിലയിലും, സംവിധായകനെന്ന നിലയിലും സൗബിൻ ഷാഹിർ ഏറെ പരിചിതനാണെങ്കിലും, തമിഴ് സിനിമ പ്രേക്ഷകർ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത് ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടൻ ആയിട്ടാണ്. എന്നാൽ കൂലിയിൽ എത്തുമ്പോൾ, നടന്റെ കഥാപാത്രമായ ദയാൽ അൽപ്പം നെഗറ്റീവ് ഛായയുള്ള വ്യക്തിയാണ്. രജനികാന്ത് ദേവ എന്ന നായകനായി എത്തുന്ന ചിത്രത്തിൽ, നാഗാർജുന അക്കിനേനിയാണ് പ്രധാന വില്ലനായ സൈമൺ ആയി വേഷമിടുന്നത്. ഒപ്പം, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, രചിത റാം, ചാർളി, തുടങ്ങിയവരും, അതിഥി വേഷത്തിൽ ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











