ശസ്ത്രക്രിയ വിജയകരം..., ബാല ജീവിതത്തിലേക്ക് തിരികെ വരുന്നു, നടന് കരള്‍ പകുത്ത് നല്‍കാനെത്തിയത് നിരവധിപ്പേർ!
എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു കരൾ സംബന്ധമായ അസുഖങ്ങൾ ഗുരുതരമായതിനെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നത്. ഒരു മാസം മുമ്പാണ് എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യമൊക്കെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ബാല.
ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദേശിച്ചത്. അതുപ്രകാരം ഇപ്പോഴിത ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു.

ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് ദാതാവിനെ കണ്ടെത്തുക വളരെ പ്രയാസകരമായ ഒന്നാണ്.
എന്നാൽ ബാലയുടെ കാര്യത്തിൽ അനുയോജ്യമായ കരൾ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
സിനിമയിൽ പണ്ടത്തേത് പോലെ അത്ര സജീവമല്ല ബാല. കുറച്ച് വർഷങ്ങളായി ആരോഗ്യപരമായി ചില പ്രശ്നങ്ങൾ ബാലയ്ക്കുണ്ടായിരുന്നു. മാത്രമല്ല പണ്ടുള്ള ബാലയും ഇപ്പോഴുള്ള ബാലയും തമ്മിൽ കാണാൻ ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ബോഡി ഫിറ്റ്നസ് നന്നായി ശ്രദ്ധിച്ചിരുന്ന ബാല അടുത്ത കാലത്തായി വല്ലാതെ മെലിയുകയും ക്ഷീണിതനാവുകയും ചെയ്തിരുന്നു.
ഇത് പലപ്പോഴും ആരാധകർ തിരക്കുകയും ചെയ്തിരുന്നുവെങ്കിലും ബാല കൃത്യമായി മറുപടി ഒന്നും പറഞ്ഞിരുന്നില്ല. അതിനിടയിലാണ് ബാല ശാരീക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാണെന്ന വാർത്ത പുറത്ത് വന്നത്.
സിനിമയുള്ളപ്പോഴും അല്ലാത്തപ്പോഴും തന്നോട് സഹായം അഭ്യർഥിച്ച് വരുന്നവരെയെല്ലാം കൈയയച്ച് സഹായിക്കുന്ന താരമാണ് ബാല. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് രണ്ട് ദിവസം മുമ്പ് നടി മോളി കണ്ണമാലിയെ വീട്ടിൽ വിളിച്ചുവരുത്തി സഹായിച്ചിരുന്നു ബാല. മരണത്തിന്റെ വക്കിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നതാണ് മോളി കണ്ണമാലിയും.
ആരും തിരിഞ്ഞ് നോക്കാനില്ലാതെയും മരുന്ന് വാങ്ങാൻ പണമില്ലാതെ വിഷമിച്ചിരുന്നപ്പോഴും തന്നെ സഹായിക്കാൻ ഓടി എത്തിയ ഒരു താരം ബാലയാണെന്ന് മോളി കണ്ണമാലി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതുപോലെ നിരവധി പേരുടെ പ്രാർഥനകളും സ്നേഹവും കൂടെയുള്ളതുകൊണ്ടാകാം ജീവൻ ബാലയ്ക്ക് തിരികെ കിട്ടിയത്.

നടന് കരള്‍ പകുത്ത് നല്‍കാൻ നിരവധിപ്പേർ സന്നദ്ധരായി വന്നതിൽ അതിശയമില്ലെന്നും ബാല അത്രത്തോളം നല്ലൊരു മനുഷ്യസ്നേഹിയാണെന്നുമാണ് ആരാധകർ കുറിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് കയറും മുമ്പ് ബാല ആരാധകർക്കായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഭാര്യ എലിസബത്തിനൊപ്പം പങ്കുവെച്ച വിഡിയോയിലൂടെ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു.
വിവാഹ വാർഷികം കേക്ക് മുറിച്ച് ഇരുവരും ആഘോഷിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്.... എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമെ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് വീഡിയോയിൽ ബാല അന്ന് പറഞ്ഞത്.
ബാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് ഏക മകൾ പാപ്പുവിനെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. അത് അനുസരിച്ച് മുൻ ഭാര്യ അമൃതയും കുടുംബവും മകളേയും കൊണ്ട് ആശുപത്രിയിൽ വന്നത് വലിയ വാർത്തയായിരുന്നു. ബാല ചേട്ടൻ തിരികെ ആശുപത്രിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരിൽ തങ്ങളും ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരി അഭിരാമി ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.
സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് ബാലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications