»   » രഞ്ജിത്ത്-മോഹന്‍ലാല്‍ സ്പിരിറ്റ് തുടങ്ങി

രഞ്ജിത്ത്-മോഹന്‍ലാല്‍ സ്പിരിറ്റ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Ranjith-Mohanlal
റിയല്‍ എസ്‌റേറ്റ് രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളേയും ചെറുപ്പക്കാരുടെ ജീവിതത്തോടുള്ള സമീപനത്തേയും തുറന്നു കാണിച്ച ഇന്ത്യന്‍ റുപ്പിക്കുശേഷം രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്പിരിറ്റിന് തുടക്കം.

കേരളത്തിന്റെ മദ്യാസക്തിയും അതിന്റെ അടിയൊഴുക്കുകളും വിഷയമാണ് സ്പിരിറ്റിന്റെ പ്രമേയം. റോക്ക് ആന്റ് റോളിനുശേഷം വര്‍ഷങ്ങളുടെ ഗ്യാപ്പ് പിന്നിട്ട് പിണക്കങ്ങളും പരിഭവങ്ങളും മറന്ന് രഞ്ജിത് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്.

അമാനുഷിക കഥാപാത്രങ്ങളിലൂടെ തിയറ്ററുകള്‍ ആഘോഷമാക്കിയിരുന്ന ആ പഴയകൂട്ടുകെട്ടില്‍ നിന്ന് വീണ്ടും പിറക്കുന്നത് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ചിത്രമായിരിക്കും. കഥയുടേയും കഥ പറച്ചിലിന്റേയും പുതിയ രഞ്ജിത് രീതി മലയാള സിനിമയില്‍ നല്ല മാറ്റങ്ങളാണ് വരുത്തികൊണ്ടിരിക്കുന്നത്.സ്പിരിറ്റിലെ മോഹന്‍ലാല്‍ കഥാപാത്രത്തിലും ഈ അനുഭവം തന്നെയാവും പ്രേക്ഷകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നതും.

കാക്കനാട് മേത്തര്‍ വില്ലയില്‍ മാര്‍ച്ച് 15 നു പൃഥ്വിരാജ് സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് സ്പിരിറ്റിന്റെ ചിത്രീകരണത്തിന് തുടക്കമായത്. മാതൃഭൂമി പബ്‌ളിക് റിലേഷന്‍ മാനേജര്‍
കെ.ആര്‍ പ്രമോദ് ആദ്യ ക്‌ളാപ്പടിച്ചു. സംവിധായകരായ പത്മകുമാര്‍, ദീപന്‍ തുടങ്ങിയവര്‍ ലളിതമായചടങ്ങിനു സാക്ഷ്യം വഹിച്ചു.

മോഹന്‍ലാല്‍ രഘുനന്ദനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പിരിറ്റ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. കനിഹയാണ് നായികയായ് എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തിന്റെ ഭാഗമാവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ ശങ്കര്‍ രാമകൃഷ്ണനാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉറുമിയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ലീല ഒരവിരാമ നാടകം എന്ന സിനിമയും രഞ്ജിത് പ്‌ളാന്‍ ചെയ്തിരുന്നു. അടുത്ത മഴക്കാലത്തേക്കായി ചിത്രം മാറ്റി വെച്ചിരിക്കയാണ്.

കൊച്ചി പ്രധാനലൊക്കേഷനാവുന്ന സ്പിരിറ്റില്‍ തിലകന്‍, മധു, ലെന, കല്‍പന, നന്ദു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിനുശേഷം ക്യാമറമാന്‍ വേണുവും രഞ്ജിതും വീണ്ടും ഒന്നിക്കുകയാണ് സ്പിരിറ്റില്‍.

ഗാനങ്ങള്‍ ഒരുക്കുന്നത് റഫീക്ക് അഹമ്മദ്, ഷഹബാസ് അമന്‍, യേശുദാസ്, വിജയ് യേശുദാസ്, ഗായത്രി എന്നിവര്‍ചേര്‍ന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഈ രഞ്ജിത് ചിത്രം ഏറെ പ്രതീക്ഷകള്‍ നല്കുന്നുണ്ട് മോഹന്‍ലാലിനും പ്രേക്ഷകര്‍ക്കും.

English summary
'Spirit' will be a satirical run through the increasing habits of alcoholism among malayalees which is taking much of their times and money. The movie will be on sets in a couple of weeks.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam