സമ്മര്‍ ഇന്‍ ബത്‌ലേഹമില്‍ ജയറാമിന് പൂച്ചയെ അയച്ചതാര്? വെളിപ്പെടുത്തി നടി ശ്രീജയ
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലേഹം പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. റൊമാന്റിക്ക് കോമഡി ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ 1998ലാണ് സിനിമ റിലീസ് ചെയ്തിരുന്നത്. രവിശങ്കറെന്ന ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടുത്തേക്ക് കുടുംബം വൊക്കേഷന്‍ ആസ്വദിക്കാന്‍ എത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നുകൂടിയാണ്.

സമ്മര്‍ ഇന്‍ ബത്‌ലേഹം കണ്ടവര്‍ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ചിത്രത്തില്‍ ജയറാമിന്റെ അജ്ഞാത കാമുകിയായി എത്തിയത് ആരാണെന്നത്. കുടുംബത്തിലെ അജ്താത കാമുകി ജയറാമിന് അയച്ച പൂച്ചയും ചിത്രത്തിലെ ഒരു കഥാപാത്രമായിരുന്നു. അഞ്ച് കാമുകിമാരില്‍ ആരാകാം ആ പൂച്ചയെ അയച്ചത് എന്ന് പ്രേക്ഷകര്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ആരാണ് ആ അഞ്ജാത സുന്ദരിയെന്ന് പ്രേക്ഷകരെ എക്കാലവും ചിന്തിപ്പിച്ചിരുന്നു.

അതില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത് സിനിമയിലെ നായികമാരില്‍ ഒരാളായ ശ്രീജയയ്ക്കായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ശ്രീജയ തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ ചോദ്യംകൊണ്ട് ഫേസ്ബുക്ക് മെസേഞ്ചര്‍ ബോക്സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞെന്ന് നടി പറയുന്നു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈ കണ്ടാല്‍ ചേച്ചിയുടെത് പോലുണ്ട്. സത്യം പറയൂ എന്നൊക്കെയാണ് മെസേജ്, ശ്രീജയ പറയുന്നു.

എന്നാല്‍ അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ബാക്കിവെച്ച ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. മുന്‍പ് ഒരഭിമുഖത്തില്‍ സംവിധായകന്‍ സിബി മലയിലിനോടും ഇതേ ചോദ്യം ചോദിച്ചപ്പോള്‍ സത്യത്തില്‍ അത് തനിക്കും അറിയില്ലെന്ന നിരാശപ്പെടുത്തുന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്.

സിനിമയുടെ തിരക്കഥാകൃത്തായ രഞ്ജിത്ത് ഇക്കാര്യം തന്നോടും പറഞ്ഞിട്ടില്ലെന്നും സിബി മലയില്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കലാഭവന്‍ മണി, ജനാര്‍ദ്ധനന്‍, സുകുമാരി, മഞ്ജുള, രസിക, മയൂരി, ശ്രീജയ നായര്‍, സാദിഖ്, അഗസ്റ്റിന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ചിത്രം നിര്‍മ്മിച്ചു.


Click it and Unblock the Notifications











