ഇതൊരു അഭിനന്ദനമല്ല,അനുഗ്രഹമാണ്! ശ്രീകുമാരന്‍ തമ്പിക്ക് നന്ദി അറിയിച്ച് സത്യന്‍ അന്തിക്കാട്!
ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചിരുന്നത്. ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലെത്തിയ ഈ ചിത്രം തന്നെയായിരുന്നു വലിയ വിജയം നേടിയിരുന്നത്. ചിത്രത്തില്‍ പ്രകാശനായുളള ഫഹദിന്റെ പകര്‍ന്നാട്ടം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.
ഫഹദിന്റെ അനായാസ അഭിനയശൈലി പഴയ മോഹന്‍ലാല്‍ സിനിമകളെ വരെ ഓര്‍മ്മിപ്പിച്ചുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു വലിയ വിജയം നേടിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം തന്നെ ബോക്‌സ് ഓഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം കുതിക്കുന്നത്. ഞാന്‍ പ്രകാശനെക്കുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഞാന്‍ പ്രകാശന്റെ വിജയം
പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയൊടെ ആയിരുന്നു ഞാന്‍ പ്രകാശന്‍ എത്തിയിരുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നത്. ഇത്തവണ മികച്ചൊരു തിരക്കഥ തന്നെയായിരുന്നു ശ്രീനിവാസന്‍ ഒരുക്കിയിരുന്നത്. സാധാരണക്കാരനായ പിആര്‍ ആകാശ് എന്ന പ്രകാശന്റെ കഥയാണ് ചിത്രം പറഞ്ഞത്. ലളിതമായൊരു തിരക്കഥ മികച്ച രീതിയില്‍ ദൃശ്യവല്‍ക്കരിച്ചതാണ് ഞാന്‍ പ്രകാശന്റെ വിജയത്തിന് കാരണമായിരുന്നത്. കൂടാതെ ഫഹദ് ഫാസിലിന്റെ മികച്ച അഭിനയവും സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.

ഫഹദിന്റെ പ്രകടനം
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷമായിരുന്നു ഫഹദ് സത്യന്‍ അന്തിക്കാട് സിനിമയില്‍ വീണ്ടും അഭിനയിച്ചത്. ഞാന്‍ പ്രകാശനിലെ കഥാപാത്രം ഫഹദിന്റെ കൈയ്യില്‍ ഭദ്രമായിരുന്നുവെന്ന് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെട്ടിരുന്നു. നാടോടിക്കാറ്റിലെ പഴയ ലാലേട്ടനെ പോലെയാണ് ഫഹദിന്റെ അഭിനയമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വന്നിരുന്നത്. ഫഹദിനൊപ്പം ഗോപാല്‍ജി ആയി എത്തിയ ശ്രീനിവാസനും ഞാന്‍ പ്രകാശനില്‍ തിളങ്ങിയിരുന്നു.

ഹൗസ്ഫുള്‍ ഷോകളുമായി കുതിക്കുന്നു
അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖില വിമലായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്. ഞാന്‍ പ്രകാശനും ഹിറ്റായതോടെ ഭാഗ്യനായികയായി മാറിയിരിക്കുകയാണ് നിഖില.അതേസമയം ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് ഞാന്‍ പ്രകാശന്‍ തിയ്യേറ്ററുകളില്‍ കുതിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആരാധകരും സിനിമാ പ്രേമികളുമാണ് ചിത്രം ഏറ്റെടുത്തതെങ്കില്‍ പിന്നീടുളള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരായിരുന്നു സിനിമ കാണാനായി കൂടുതലായി എത്തിയിരുന്നത്.

ശ്രീകുമാരന്‍ തമ്പി പറഞ്ഞത്
ഞാന്‍ പ്രകാശനെക്കുറിച്ചുളള നിരൂപണങ്ങള്‍ ധാരാളമായി വരുന്നതിനിടെയാണ് ശ്രീകുമാരന്‍ തമ്പിയും ചിത്രത്തെക്കുറിച്ച് കുറിച്ചത്. "കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടുവരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നത് മറക്കുന്നില്ല.. പ്രിയ സുഹൃത്തക്കളായ ശ്രീനിയേയും സത്യനെയും ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മറുപടി
സത്യന്‍ അന്തിക്കാട് തന്നെ ആയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. പോസ്റ്റ് ഷെയര്‍ ചെയ്ത് അദ്ദേഹത്തോടുളള നന്ദി സംവിധായകന്‍ അറിയിക്കുകയും ചെയ്തു. ഇതൊരു അഭിനന്ദനമല്ല,അനുഗ്രഹമാണ്,ശ്രീകുമാരന്‍ തമ്പി സാറിന് സ്‌നേഹവും നന്ദിയും എന്നാണ് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചത്.


Click it and Unblock the Notifications











