ശ്രീനാഥ് ഭാസിയുടെ നായികയായി ശ്രീലക്ഷ്മി
ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവനടന്‍ ശ്രീനാഥ് ഭാസിയാണ് നായകനായി എത്തുന്നത്.
ചിത്രത്തില്‍ വിനീത എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുക. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചു. പ്രതാപ് പോത്തന്‍, ശ്രീകുമാര്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രമായി പ്രഖ്യാപിയ്ക്കപ്പെട്ടത് അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രമായിരുന്നു. റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ സഹായിയായിരുന്ന ഫസലാണ് ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. ജഗതിയുടെ മകളായ ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രമെന്നരീതിയില്‍ ചിത്രത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു.
എന്നാല്‍ ഫോട്ടോഷൂട്ടും മറ്റും കഴിഞ്ഞതിന് ശേഷം സ്‌ക്രിപ്റ്റ് മോശമാണെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ ചിത്രം അനിശ്ചിതത്വത്തിലായി. പിന്നീട് ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രം പൂര്‍ത്തിയാക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതിന്റെ ജോലികളൊന്നും ഇതേവരെ തുടങ്ങിയിട്ടില്ല.
ആദ്യ ചിത്രം പ്രശ്‌നത്തിലായതോടെ, ശ്രീലക്ഷ്മി ചില ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തിയിരുന്നു. ഇപ്പോള്‍ ശ്രീലക്ഷ്മിയെ നായികയാക്കി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍.


Click it and Unblock the Notifications











