ശ്രീനിയാണ് താരം
ഉദയനാണ് താരം എന്ന ചിത്രത്തിനൊടുവില്‍ ചിത്രത്തിലെ സൂപ്പര്‍താരമായ സരോജ് കുമാര്‍ താനല്ല താരമെന്നും തന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയ സംവിധായകനായ ഉദയനാണ് താരമെന്നും പറയുന്നുണ്ട്. കഥ പറയുമ്പോള്‍ എന്ന ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ ഒരു പോലെ പറയുന്നു- ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന നടനുമായ ശ്രീനിയാണ് താരം.
കഥ പറയുമ്പോഴിന്റെ സംവിധായകന്‍ ശ്രീനിവാസനല്ല. എങ്കിലും കഥ പറയുമ്പോള്‍ അടിമുടി ഒരു ശ്രീനിവാസന്‍ ചിത്രമാണ്. മനോഹരമായി കഥ പറയാനുള്ള പ്രതിഭയെ ഊതിക്കാച്ചിയെടുത്ത് ശ്രീനിയൊരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥാകൃത്തായ ശ്രീനിവാസന് തന്റെ സിനിമകളിലൂടെ ചിലതൊക്കെ പറയാനുണ്ട്. അത് കഥയിലെ വെറും വാചകങ്ങള്‍ മാത്രമായി അവസാനിക്കുന്നില്ല എന്നതാണ് ശ്രീനിയുടെ കഥ പറച്ചിലിന്റെ സവിശേഷത. കഥ പറയുമ്പോഴിലും കഥ പറയുന്നതിലെ ആ ശ്രീനി ടച്ച് കാണാം.
കഥ പറയുമ്പോഴിലെ നായകന്‍ മമ്മൂട്ടിയാണെന്നാണ് സങ്കല്പം. പക്ഷേ മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് താരതമ്യേന വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമാണ്. എന്നാല്‍ സിനിമയിലുടനീളം മമ്മൂട്ടി അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രത്തിന്റെ അദൃശ്യസാന്നിധ്യമുണ്ട്. കഥ പറയുമ്പോഴില്‍ ശ്രീനിവാസന്‍ വളരെ വിജയകരമായി പരീക്ഷിച്ചിരിക്കുന്ന കഥ പറച്ചില്‍ തന്ത്രമാണിത്.
സിനിമയെ കുറിച്ചൊരു സിനിമയായിരുന്നു ഉദയനാണ് താരം. സിനിമാലോകത്തെ അസംബന്ധ നാടകങ്ങളെ പരിഹസിക്കുകയായിരുന്നു ശ്രീനിവാസന്‍ ആ ചിത്രത്തിലൂടെ. കഥ പറയുമ്പോഴിലും സിനിമയും സൂപ്പര്‍താരവും കടന്നുവരുന്നുണ്ട്. പക്ഷേ ഇവിടെ ശ്രീനിവാസന്‍ പറയുന്നത് മറ്റൊരു വിഷയമാണ്. സിനിമയോടും സിനിമാതാരങ്ങളോടുമുള്ള സാധാരണക്കാരുടെ കാഴ്ചപ്പാടിനെയും അതിന്റെ പൊള്ളത്തരങ്ങളെയുമാണ് ഇവിടെ ശ്രീനിവാസന്‍ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും.
ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ശരാശരിയിലും താഴെ നില്‍ക്കുന്ന ഒരു ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് കഥ പറയുമ്പോള്‍. ഭാര്‍ഗവചരിതം ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ കറുത്ത പാടാണ്. അതേതായാലും തന്റെ പഴയ കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കും വിധം സാമൂഹികനിരീക്ഷണവും സമകാലിക ജീവിതക്കാഴ്ചകളും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന തന്റെ പഴയ കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കഥ പറയുമ്പോള്‍ കൊണ്ട് മായ്ചു കളയാന്‍ ശ്രീനിക്ക് സാധിച്ചിരിക്കുന്നു.


Click it and Unblock the Notifications