twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിയിലെ നടന് വീണ്ടുമൊരു തൂവല്‍

    By Staff
    |

    ശ്രീനിവാസന്‍ നായകനായ സിനിമകള്‍ വിജയിക്കണമെങ്കില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥകളൊരുക്കിയ ശ്രീനി തന്നെ എഴുതുകയും വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് നേരത്തെ ശ്രീനി തെളിയിച്ചിട്ടുള്ളതാണ്. ആനവാല്‍ മോതിരത്തില്‍ ശ്രീനിവാസനെ നായകനാക്കി പടം വിജയിച്ചപ്പോള്‍ തിരനാടകം ടി.ദാമോദരന്റെ വകയായിരുന്നു.

    യെസ് യുവര്‍ ഓണര്‍ എന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ശരാശരി വിജയം നേടിയപ്പോഴും നായകന്‍ ശ്രീനിയും തിരക്കഥാകൃത്ത് ടി.ദാമോദരനുമായിരുന്നു. ശ്രീനിയുടെ തിരക്കഥയില്ലാതെ ശ്രീനിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തന്നെയുണ്ടാക്കാമെന്ന് പിന്നീട് ലാല്‍ ജോസ് തെളിയിച്ചു. അറബിക്കഥ വന്‍വിജയം നേടിയപ്പോള്‍ ശ്രീനി എന്ന നടന് കിട്ടിയ കൈയടി ഇനിയും നിലച്ചിട്ടില്ല. അതിനിടെയാണ് ശ്രീനിവാസന്‍ നായകനായ മറ്റൊരു ചിത്രം കൂടി തിയേറ്ററുകളിലെത്തിയത്.

    ആയുര്‍രേഖ എന്ന ചിത്രം റിലീസ് ചെയ്തത് ആരവങ്ങളില്ലാതെയാണ്. വന്‍ പരസ്യകോലാഹലങ്ങളില്ലാതെ ഏറെക്കുറെ നിശബ്ദമായാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നായകന്‍ ശ്രീനിവാസന്‍. സംവിധായകന്‍ ജി.എം.മധു എന്ന നവാഗതന്‍. ദീപാവലിക്ക് ഷാറൂഖ് ഖാന്റെ ഹിന്ദി ചിത്രമായ ഓം ശാന്തി ഓം ബോക്സോഫീസ് വിഴുങ്ങുമ്പോള്‍ കൂട്ടത്തിലൊരു ചെറുമീനായി ആയുര്‍രേഖയും തിയേറ്ററുകളിലെത്തി.

    ചിത്രം വന്ന രീതി നോക്കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തിയേറ്ററുകള്‍ വിടേണ്ടതാണ്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ പ്രവാഹമുണ്ടാക്കുന്ന യാതൊരു ആകര്‍ഷണീയതയുമില്ലാത്ത ഒരു പാവം ചിത്രം. പക്ഷേ മൗത്ത് പബ്ലിസിറ്റിയിലൂടെ ആയുര്‍രേഖ പ്രദര്‍ശന വിജയം നേടുമ്പോള്‍ ശ്രീനിവാസന്‍ എന്ന നടന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി.

    ശ്രീനിവാസന്റെ പൊലീസ് ഓഫീസര്‍ വേഷവും ഡെന്നീസ് ജോസഫിന്റെ ശക്തമായ തിരക്കഥയുമാണ് ആയുര്‍രേഖയെ വിജയമാക്കുന്നത്. വമ്പന്‍ സൂപ്പര്‍ഹിറ്റുകള്‍ക്കൊപ്പമെത്തില്ലെങ്കിലും നിര്‍മാതാവിന്റെ കൈ പൊള്ളിക്കാത്ത വിധം വിജയത്തിന്റെ ട്രാക്കിലേക്ക് ഈ ചിത്രമെത്തിക്കഴിഞ്ഞു. അറബിക്കഥക്കു ശേഷം ശ്രീനിയുടെ രസാവഹമായ പ്രകടനം ആയുര്‍രേഖയിലും കാണാം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X