twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസനും പൊലീസാവാം

    By Staff
    |

    ശ്രീനിവാസന്‍ പൊലീസ് വേഷങ്ങള്‍ അവതരിപ്പിച്ചപ്പോഴൊക്കെ തന്റെ മറ്റു കഥാപാത്രങ്ങള്‍ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടായിരുന്നു. ആനവാല്‍ മോതിരം, മാനത്തെ വെള്ളിത്തേര് ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീനിവാസന്‍ പൊലീസ് വേഷങ്ങള്‍ അവതരിപ്പിച്ചത് തമാശയുടെ നിഴലില്‍ നിന്നുകൊണ്ടായിരുന്നു.

    ആനവാല്‍ മോതിരത്തിലെ പൊലീസ് ഇന്‍സ്പെക്ടറായ നായകന്‍ മുതല്‍ ബോയ് ഫ്രണ്ടിലെ കമ്മിഷണര്‍ വരെ ശ്രീനി സ്റ്റൈലിലുള്ള പൊലീസുകാരാണ്. എന്നാല്‍ ആയുര്‍രേഖ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ വേഷം തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യമായി നര്‍മത്തിന്റെ മേമ്പൊടിയില്ലാതെ ഗൗരവമുള്ള ഒരു പൊലീസ് വേഷം ശ്രീനിവാസന്‍ അവതരിപ്പിക്കുന്നു.

    എസ് പി ജേക്കബ് ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ആയുര്‍രേഖയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ഉടമയായ ഡോ. അപര്‍ണയുടെ മരണം കൊലപാതകമാണെന്ന ഇ-മെയില്‍ ജേക്കബ് ജോര്‍ജിന് ലഭിക്കുന്നതോടെ ഒട്ടേറെ ദുരൂഹതകളുള്ള കേസില്‍ അദ്ദേഹം അന്വേഷണം ആരംഭിക്കുന്നു. ഒരു സസ്പെന്‍സ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ശ്രീനിവാസന്‍ അഭിനയിക്കുന്നത് ആദ്യമായാണ്.

    ഡോ.അപര്‍ണയായി അഭിനയിക്കുന്നത് ലക്ഷ്മി ശര്‍മയാണ്. മുകേഷ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സായികുമാര്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍, നിയാസ്, ടി.പി.മാധവന്‍, ജഗന്നാഥവര്‍മ, കൊച്ചുപ്രേമന്‍, കോട്ടയം പുരുഷന്‍, ജാഫര്‍ ഇടുക്കി, ഗണപതി, മാസ്റ്റര്‍ മിഥുന്‍, ജ്യോതിര്‍മയി, ദേവീചന്ദന, രേഖ, നിമിഷ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

    ജി.എം.മനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഡെന്നീസ് ജോസഫാണ്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. എസ്. കെ. ഫിലിംസിന്റെ ബാനറില്‍ സണ്ണി കൂന്തമറ്റമാണ് ആയുര്‍രേഖ നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X