റിലീസിങ്ങിനൊരുങ്ങി തലൈവര്‍ ചിത്രം കാലാ! സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയത് വന്‍ തുകയ്ക്ക്
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രങ്ങള്‍ക്ക് സിനിമാ പ്രേമികള്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. തലൈവരുടെ ചിത്രം എപ്പോള്‍ പുറത്തിറങ്ങിയാലും അത് വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്.വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ താരം ചെയ്യുളളുവെങ്കിലും രജനി ചിത്രങ്ങള്‍ ആദ്യ ദിനം പോയി കാണുന്നൊരു പ്രേക്ഷക സമൂഹമുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയും വിദേശത്തും നിരവധി ആരാധകരുളള താരമാണ് രജനികാന്ത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. തലൈവരുടെ ഒരു മാസ് ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കു മുന്നില്‍ മാസും ക്ലാസും ചേര്‍ത്തുകൊണ്ടാണ് കബാലി എത്തിയിരുന്നത്. റിലീസ് സമയത്ത് വലിയ പ്രതീക്ഷയോടെയായിരുന്നു സിനിമാ പ്രേമികള്‍ ചിത്രം കാണാന്‍ പോയിരുന്നത്. പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തികൊണ്ടായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. രജനികാന്തിന്റെ പുതിയ ചിത്രമായ കാലയ്ക്കു വേണ്ടിയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കാലാ
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രമാണ് കാല. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകനായിട്ടാണ് രജനി അഭിനയിക്കുന്നത്. ഗ്യാങ്ങ്‌സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന കാലയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും പാ രഞ്ജിത്ത് തന്നെയാണ്. കബാലിക്കു ശേഷമിറങ്ങുന്ന രജനി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കബാലി പോലെ മാസു ക്ലാസും ചേര്‍ന്നൊരു പടമായിരിക്കും കാലാ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്‌സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാകും കാല പുറത്തിറങ്ങുക. ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്റെ പ്രകടനം തന്നെയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

പാ രഞ്ജിത്തിനൊപ്പം വീണ്ടും
കബാലിക്കു ശേഷം രജനി പാ രഞ്ജിത്തിനൊപ്പം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കാലാ. കബാലിയുടെതു പോലെ തന്നെ വ്യത്യസ്ഥമായൊരു സിനിമയാണ് ഈ കൂട്ടുക്കെട്ടില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കബാലിക്ക് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലായ്ക്ക് വേണ്ടിയും സംഗീതമൊരുക്കുന്നത്. കബാലിയില്‍ സന്തോഷ് നാരായണന്‍ ഒരുക്കിയ നെരുപ്പു ഡാ എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കബാലിയിലെ മറ്റെല്ലാ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. കാലയിലെ പാട്ടുകള്‍ക്കായി സിനിമാ പ്രേമികള്‍
ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ മെയ് 9ന് പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്
കാലായില്‍ തലൈവരുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് ആരാധകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നത്. കബാലിയിലേതു പോലൊരു ലുക്കാണ് താരത്തിന് ചിത്രത്തിലുമുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറുകളിലും മറ്റും ഈ ലുക്കില്‍ രജനി തിളങ്ങിയിരുന്നു.ടീസറില്‍ താരത്തിന്റെ മാസ് എന്‍ട്രിയും ലുക്കുമായിരുന്നു മികച്ചുനിന്നത്. ടീസര്‍ പുറത്തിറങ്ങി മണിക്കുറുകള്‍ക്കകമായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. ലോകമെമ്പാടുമുളള രജനി ആരാധകരെല്ലാം തന്നെയും ടീസറിന് മികച്ച അഭിപ്രായമായിരുന്നു അറിയിച്ചിരുന്നത്.

ധനുഷിന്റ നിര്‍മ്മാണം
ധനുഷിന്റെ ഉടമസ്ഥതയിലുളള വണ്ടര്‍ബാര്‍ ഫിലിംസാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായാണ് തലൈവരുടെ ചിത്രം മരുമകനായ ധനുഷ് നിര്‍മ്മിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതിലുളള സന്തോഷം പ്രഖ്യാപന വേളയില്‍ ധനുഷ് അറിയിച്ചിരുന്നു.ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധനുഷും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഹിമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍, സമുദ്രക്കനി,ഈശ്വരി റാവു,അഞ്ജലി പാട്ടീല്‍,സുകന്യ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സാറ്റലൈറ്റ് റൈറ്റ്
ചിത്രം നേരത്തെ എപ്രില്‍ 27ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തമിഴ്‌നാട്ടില്‍ നടന്ന സിനിമാ സമരത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സിനിമാ സമരം അവസാനിച്ചതോടെ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാലയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സ്റ്റാറാണ് കാലാ യുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 75കോടിക്കാണ് കാലയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത രജനിയുടെ തന്നെ പുതിയ ചിത്രം 2.0 110 കോടിക്കായിരുന്നു വിറ്റുപോയിരുന്നത്.


Click it and Unblock the Notifications