എല്ലാ മാസവും പൈസ തരുന്നത് ലക്ഷ്മിയാണ്! സുധിചേട്ടന്റെ പെങ്ങളെ പോലെയാണ് അവളെന്ന് ഭാര്യ രേണു
മിമിക്രി ലോകത്ത് നിന്നും അഭിനയത്തിലേക്ക് എത്തി സിനിമയില്‍ സജീവമായി വരികയായിരുന്നു നടന്‍ കൊല്ലം സുധി. സിനിമയ്ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും പുറമെ സ്റ്റേജ് പ്രോഗ്രാമുകളിലും സുധി സജീവ സാന്നിധ്യമായിരുന്നു. അങ്ങനെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് കഴിഞ്ഞവര്‍ഷം അപ്രതീക്ഷിതമായി നടന്റെ വേര്‍പാട് ഉണ്ടാവുന്നത്.
കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കാര്‍ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. ഇതിന് പിന്നാലെ സുധിയുടെ കുടുംബത്തിന് സഹായങ്ങളുമായി പലരുമെത്തി. കൂട്ടത്തില്‍ സ്റ്റാര്‍ മാജിക് അവതാരക ലക്ഷ്മി നക്ഷത്രയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സുധിയുടെ കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇതിന് വ്യാപക വിമര്‍ശനങ്ങളാണ് ലഭിച്ചത്. അതുപോലെ സുധിയുടെ ഭാര്യയെ കുറിച്ചും പലതരത്തിലുള്ള വാര്‍ത്തകള്‍ വന്നു. സുധിയുടെ ഭാര്യ രേണു അണിഞ്ഞൊരുങ്ങി നടക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വീഡിയോസ് ചെയ്യുന്നതിനെ പറ്റിയുമാണ് കമന്റുകള്‍. വീണ്ടും സമാനമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു.
'എന്റെ വീഡിയോസ് കാണുമ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ വീഡിയോയുടെ താഴെയും അങ്ങനെ തന്നെ പറയും. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും.
അന്നുമുതല്‍ ഇന്നുവരെ ലക്ഷ്മി ഞങ്ങള്‍ക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്. ഞങ്ങള്‍ കഷ്ടപ്പാടില്‍ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍ എല്ലാ മാസവും പതിനാലാം തീയ്യതിയില്‍ ഒരു പൈസ തരുന്നത്.
ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്. പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാര്‍ത്ഥമായി സ്‌നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാന്‍ എല്ലായിടത്തും തുറന്നു പറയുമെന്നും രേണു വ്യക്തമാക്കുന്നു.

പിന്നെ ഞാന്‍ ഒരുങ്ങി നടക്കുന്നതിനെ പറ്റിയും പലരും വിമര്‍ശിക്കാറുണ്ട്. ഞാന്‍ എന്റെ സുധി ചേട്ടന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ഒരു പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ ഈ പറയുന്നവര്‍ക്ക് സന്തോഷമാകും. എന്നാല്‍ എന്റെ സുധി ചേട്ടന്റെ ആത്മാവിന് സങ്കടമായിരിക്കും. എന്റെ മക്കള്‍ക്കും അത് വിഷമമുള്ള കാര്യമാണ്.
ഞാന്‍ അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നാല്‍ എന്റെ സുധി ചേട്ടന്‍ തിരിച്ചുവരുമോ? അങ്ങനെ കരയണമെന്ന് പറയുന്നവര്‍ക്ക് സുധി ചേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ? രേണു ചോദിക്കുന്നു..
സുധി ചേട്ടന് ആത്മാവ് എന്റെ കൂടെയുള്ളടത്തോളം കാലം ഞാന്‍ നന്നായി തന്നെ നടക്കും. പിന്നെ രണ്ടാമത്തെ വിവാഹത്തിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. ഇനിയൊരു വിവാഹം വേണ്ടെന്ന് തന്നെയാണ് എന്റെ തീരുമാനമെന്നും രേണു വ്യക്തമാക്കുന്നു.


Click it and Unblock the Notifications