ആദിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുഡാനി ഫ്രം നൈജീരിയ, മള്‍ട്ടിപ്ലക്‌സിലെ താരം സൗബിന്‍ തന്നെ, കാണൂ!
വ്യത്യസ്തമായ നിരവധി സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ എടുത്തുപറയത്തക്ക നേട്ടമൊന്നും ഒരു സിനിമയ്ക്കും അവകാശപ്പെടാനുമില്ല, ഇതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ. ബോക്‌സോഫീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടുള്ളതെന്ന് മനസ്സിലാവും. കലക്ഷന്‍ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തിലല്ല സിനിമയെ വിലയിരുത്തേണ്ടതെന്ന വാദത്തെ അംഗീകരിക്കുന്നു, എന്നാല്‍ കലക്ഷന്‍ എന്ന ഘടകവും സിനിമയ്ക്ക് ഏറെ പ്രധാനപ്പെട്ടതല്ലേ, മുടക്ക് മുതല്‍ പോലും നിര്‍മ്മാതാവിന് തിരിച്ച് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള കാര്യങ്ങള്‍ അത്ര സുഗമമായിരിക്കുകയുമില്ല.
സംവിധായകരും താരങ്ങളും പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ സിനിമാപ്രേമികളുടെ പ്രതീക്ഷയും തുടരുകയായി. പിന്നീടുള്ള വാര്‍ത്തയ്ക്കായി അവര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ടീസറുമെല്ലാം വൈറലായി മാറുന്നതിന് പിന്നിലെ പ്രധാന കാരണം ഈ ആകാംക്ഷയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് കൂടിയാണ് അവസാനമാവുന്നത്. ഇതുവരെയായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദിയാണ് കലക്ഷനില്‍ മുന്നിട്ടുനിന്നത്. ആദിയുടെ ആ റെക്കോര്‍ഡ് ഇപ്പോള്‍ മറ്റൊരു ചിത്രം മറി കടന്നിരിക്കുകയാണ്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആദിയുടെ വിജയം
ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരപുത്രന്‍ നായകനായെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതാണ് ആദിയില്‍ പ്രകടമായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അസാമാന്യ അഭിനയ മികവൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് പുലര്‍ത്തിയ മികവ്, അതായിരുന്നു ആദിയിലെ മുഖ്യ ആകര്‍ഷണം. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പാര്‍ക്കൗര്‍ രംഗങ്ങള്‍ ചിത്രത്തിന് മിഴിവേകിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്
സിനിമകളുടെ ബോക്‌സോഫീസ് പ്രകടനം വിലയിരുത്തുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത കാര്യമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം. ആദ്യദിന കലക്ഷനും വാരാന്ത്യ കലക്ഷനുമൊക്കെ പരിശോധിക്കുമ്പോള്‍ മള്‍ട്ടിപ്ലക്‌സിലെ പ്രകടനം പരമപ്രധാനമാണ്. 1.29 കോടിയായിരുന്നു ആദി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് സ്വന്തമാക്കിയത്. അടുത്തിടെയാണ് ചിത്രത്തിന്റെ നൂറാംദിനം ആഘോഷം നടത്തിയത്. സിനിമ റിലീസ് ചെയ്യുമ്പോള്‍ തിയേറ്റര്‍ സന്ദര്‍ശിക്കാനോ, സിനിമയെക്കുറിച്ച് വാചാലനാവാനോയെന്നും നായകനെക്കിട്ടിയിരുന്നില്ല. നൂറാംദിന ആഘോഷത്തില്‍ മാത്രമാണ് താരപുത്രന്‍ പങ്കെടുത്തത്. പ്രമോഷണല്‍ പരിപാടികളോട് താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആദിയെ വെട്ടി സുഡാനി ഫ്രം നൈജീരിയ
സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാണ് സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അത് അതേ പോലെ നിലനിര്‍ത്തിയാണ് പിന്നീടും ചിത്രം മുന്നേറിയത്. മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്റെ കാര്യത്തില്‍ ആദിയെ കടത്തിവെട്ടിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.

മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്‍
44 ദിവസത്തിലൂടെ 1.44 കോടി രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1.29 കോടിയായിരുന്നു ആദി നേടിയത്. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ഈ ചിത്രം മറികടന്നത്. പ്രതീക്ഷിച്ച വിജയം തന്നെയാണ് ചിത്രത്തിന്റേതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

സൗബിന്റെ നായകവേഷം
സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഹാസ്യവേഷം മാത്രമല്ല നായകനും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുകയും ചെയ്തു. അഭിനേതാവ് മാത്രമല്ല നല്ലൊരു സംവിധായകനാണ് താനെന്ന് പറവയിലൂടെ സൗബിന്‍ തെളിയിച്ചതാണ്.

ഫുട്‌ബോള്‍ പശ്ചാത്തലം
ക്രിക്കറ്റ് അരങ്ങു തകര്‍ക്കുമ്പോളും കാല്‍പ്പന്തുകളിലെ ജീവനായി കരുതുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ക്രിക്കറ്റിനേക്കാള്‍ സ്വീകാര്യതയുള്ള ഗെയിമാണ് ഫുട്‌ബോള്‍ എന്ന വിശേഷിപ്പിച്ചാലും തെറ്റില്ല. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വേണ്ടിയുള്ള ഒരുക്കവും കളിക്കാരനായി എത്തിയ താരത്തിന് അപ്രതീക്ഷിതമായുണ്ടാവുന്ന പരിക്കുമൊക്കെയായിരുന്നു സുഡാി ഫ്രം നൈജീരിയയുടെ ജീവന്‍. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയതെന്നത് എടുത്തുപറയേണ്ട ഘടകമാണ്.

കാന്‍ ഫെസ്റ്റിവലില്‍
വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിനെത്തേടി മറ്റൊരു നേട്ടമെത്തിയത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സുഡാനി പ്രദര്‍ശിപ്പിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒന്നരക്കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രത്തിന് ഗംഭീര വിജയമാണ് ലഭിച്ചത്. പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് ഇടയ്ക്ക് വിവാദമൊക്കെ ഉയര്‍ന്നിരുന്നുവെങ്കിലും ്‌തൊന്നും സിനിമയെ ബാധിച്ചിരുന്നില്ല.


Click it and Unblock the Notifications











