സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടുമൊരു അവാര്‍ഡ്! മികച്ച സിനിമയ്ക്കുളള പത്മരാജന്‍ പുരസ്‌കാരം ചിത്രത്തിന്
Recommended Video
സക്കറിയയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണും മുഖ്യ വേഷങ്ങളില്‍ എത്തിയ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മലപ്പുറത്തെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ മികച്ച അവതരണം കൊണ്ടായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത സിനിമയെ തേടി വീണ്ടുമൊരു പുരസ്‌കാരം എത്തിയിരിക്കുകയാണ്. മികച്ച മലയാള ചിത്രത്തിനുളള പത്മരാജന്‍ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ അഞ്ച് പുരസ്‌കാരങ്ങളും സിനിമ നേടിയിരുന്നു. മികച്ച നടനുളള പുരസ്‌കാരമടക്കമായിരുന്നു ചിത്രത്തിന്റെ നേട്ടം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍,ഷൈജു ഖാലിദ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിച്ചിരുന്നത്. മുഹ്‌സിന്‍ പെരാരിയും സംവിധായകനും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്.
റെക്‌സ് വിജയന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ രാഘവന്‍ പുരസ്‌കാരം, ജി അരവിന്ദന്‍ പുരസ്‌കാരം , ഐഎഫ് എഫ് കെ യില്‍ മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി അവാര്‍ഡ്, എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, സിനിമാ പാരഡൈസോ ക്ലബ് അവാര്‍ഡ് തുടങ്ങിയവയും സുഡാനി ഫ്രം നൈജീരിയ നേരത്തെ നേടിയിരുന്നു.


Click it and Unblock the Notifications











