ടൊവിനോ ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും പിന്മാറി സുജിത്ത് വാസുദേവ്! കാരണം ഇതാണ്
ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്ക്. സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്കു ശേഷം നടന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫോറന്‍സിക്ക് വിദഗ്ദനായിട്ടാണ് ടൊവിനോ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയ്ക്കായുളള തയ്യാറെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരള പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക്ക് സയന്‍സ് ലാബ് നടന്‍ സന്ദര്‍ശിച്ചിരുന്നു. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടിയുളള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിനില്‍ക്കുന്ന സുജിത്ത് വാസുദേവ് ടൊവിനോ ചിത്രമൊരുക്കും എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

എന്നാലിപ്പോള്‍ ടൊവിനോ ചിത്രത്തില്‍ നിന്നും സുജിത്ത് വാസുദേവ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഇനി തിരക്കഥാകൃത്തുകളായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം ചെയ്യുക. മറ്റ് സിനിമകളുടെ തിരക്കുകളിലായതിനാലാണ് സുജിത്ത് വാസുദേവ് ടൊവിനോയുടെ ഫോറന്‍സിക്കില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

നിലവില്‍ കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യയുടെ ചിത്രീകരണതിരക്കുകളിലാണ് സുജിത്ത് വാസുദേവ് ഉളളത്. ഫോറന്‍സിക്കിന്റെ പുതിയ സംവിധായകനായ അഖില്‍ ഇതിന് മുന്‍പ് പൃഥ്വിരാജ് ചിത്രം സെവന്‍ത്‌ഡേയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്നു. ഒക്ടോബറിലാണ് ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് അറിയുന്നത്. സിനിമയുടെ ലൊക്കേഷനുകള്‍ പൂര്‍ണമായും കേരളത്തില്‍ തന്നെയായിരിക്കും.മംമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സൈജു കുറുപ്പ്,ഗിജു ജോണ്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ഫോറന്‍സിക്കിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ജൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നേവിസ് സേവ്യര്‍, സിജു മാത്യൂ, രാഗം മൂവീസിന്റെ രാജു മല്യത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ടൊവിനോ ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. എടക്കാട് ബറ്റാലിയന്‍ 06ന് പുറമെ കൈനിറയെ സിനിമകള്‍ യുവതാരത്തിന്റെതായി വരുന്നുണ്ട്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്, മിന്നല്‍ മുരളി, ഭൂമി, ആരവം. പളളിച്ചട്ടമ്പി തുടങ്ങിയ സിനിമകളും ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ വര്‍ഷം മോഹന്‍ലാലിന്റെ ലൂസിഫറിലൂടെയാണ് നടന്‍ തുടങ്ങിയത്. തുടര്‍ന്ന് ഉയരെ, വൈറസ്,.ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ, ലൂക്ക, കല്‍ക്കി തുടങ്ങിയ സിനിമകള്‍ ടൊവിനോയുടെതായി പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications











